ലക്നൗ: ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് ജില്ലാ ഭരണകൂടം പട്ടങ്ങള്‍ പിടിച്ചെടുത്തത്. പട്ടം വിറ്റവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് തുടങ്ങും. ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും നിലവില്‍ വന്നിട്ടുണ്ട്. നേരത്തെ ഗോവയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് മോദിയുടെ ചിത്രങ്ങളുള്ള ബോര്‍ഡുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് വന്നിരുന്നു.

മകര സംക്രാന്തി ആഘോഷത്തോട് അനുബന്ധിച്ചാണ് മോദിയുടെ ചിത്രമുള്ള പട്ടങ്ങള്‍ വന്‍ തോതില്‍ നിര്‍മിക്കുന്നത്. മോദിയുടെ ചിത്രമുള്ള പട്ടങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സല്മാന്ഖാന്, അമീര്ഖാന്, ഹൃത്വിക് റോഷന് എന്നിവരുടെ ചിത്രമുള്ള പട്ടങ്ങള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം മോദിയുടെ ചിത്രമുള്ള പട്ടത്തിനാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
