
ന്യൂഡല്‍ഹി: ബാബരി മസ്‌ജിദ് തർക്കഭൂമി കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ മുൻ കരുതൽ നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പൊലീസ് ഡി.ജി.പി എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയാണ് ചീഫ് ജസ്റ്റിസിന്റ ചേംബറില്‍ ഇന്ന് നടക്കുക. വിധിക്ക് മുന്നോടിയായി സംസ്ഥാനത്ത് എന്തൊക്കെ സുരക്ഷാ സജീകരണങ്ങൾ ഏർപ്പെടുത്തി എന്നതും ചർച്ചയിൽ ആരായും. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തനാണ് യോഗം. ജനങ്ങൾ പ്രകോപിതരാകാതിരിക്കാൻ ഇരുവിഭാഗവും സംയമനം പാലിക്കണം. ഇതിനായി ഭരണകൂടം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തും.

ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ ആഭ്യന്തര മന്ത്രാലയം നൂറുപേരടങ്ങുന്ന 40 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് അയോധ്യ കേസില്‍ വിധിപറയുക. രാമക്ഷേത്ര- ബാബരി മസ്‌ജിദ് വിഷയത്തില്‍ സുപ്രീംകോടതി കൈക്കൊള്ളുന്ന നിലപാടറിയാന്‍ ഏവരും കാത്തിരിക്കുകയാണ്.
