
സ്കൂളില്‍ സാമ്പാര്‍ പാചകം ചെയ്തിരുന്ന ചെമ്പില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലായിരുന്നു സംഭവം. പാന്യം നഗരത്തിലെ വിജയനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായ പുരുഷോത്തം റെഡ്ഡി എന്ന ആറു വയസുകാരനാണ് മരിച്ചത്.

ഉച്ചഭക്ഷണ ഇടവേളയില്‍ ഓടുന്നതിനിടെ, ഉച്ചഭക്ഷണത്തിനായി തയാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി കാല്‍തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകനാണ് പുരുഷോത്തം.
ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
