ആലുവ: ഈ ഡോക്ടര്‍ ദമ്പതികള്‍ക്ക് നന്ദി പറയാതെ വയ്യ. ദൈവത്തിന്റെ കരങ്ങള്‍ മനുഷ്യനിലൂടെയാണ് വരുന്നതെന്നത് വെറും പാഴ് വാക്കല്ല എന്ന് തെളിക്കുന്ന കാഴ്ചയാണ് ആലുവ യു.സി കോളേജില്‍ നിന്ന് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കോളജിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് സേവനം നല്‍കുകയാണ് ഡോ. നജീബും ഡോ.നസീമയും. ബിനാനിപുരത്തുള്ള ഇ.എസ്.ഐ. ഡിസ്പെന്‍സറിയിലാണ് ഡോ.നജീബിന്റെ ജോലി. ഡോ. നസീമ അങ്കമാലി താലൂക്ക് ആശുപത്രിയിലും. കഷ്ടപ്പാടുകള്‍ നോക്കിയിട്ട് കാര്യമില്ലാ, ഈ സമയത്ത് നാടിനുവേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേയെന്നാണ് ഇവരുടെ ചോദ്യം. രാത്രിയില്‍ ഊഴമിട്ട് മൂന്നു മണിക്കൂര്‍ മാത്രമാണ് ഉറക്കം. നേരാംവണ്ണം ഭക്ഷണമോ വെള്ളമോ ലഭിക്കാതെയും ഒന്നിരിക്കാന്‍ പോലും കഴിയാതെയും മണിക്കൂറുകളോളം ഒരേ നില്പില് നിന്നാണ് ഇവര്‍ ചികിത്സ നല്‍കുന്നത്.
കോളേജിലേക്ക് ദുരിത ബാധിതര്‍ എത്തുന്നുവെന്നറിഞ്ഞതോടെ സേവനം നല്കാന് ഇവര്‍ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. 500 പേരെ മാത്രം പ്രതീക്ഷിച്ച ക്യാമ്പില്‍ ആയിരങ്ങള്‍ പിന്നിട്ടതോടെ ഇവര്‍ക്ക് വിശ്രമമില്ലാതായി. പ്രായമായവരും കൈക്കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിനുപേരാണ് ഇവരുടെ ചികിത്സ കാത്തു നില്‍ക്കുന്നത്. തിരക്കിനിടയില്‍ മരുന്നുകള്‍ കൃത്യമായി എടുത്തു നല്കാന് കഴിയണമേയെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍ക്കുള്ളത്. ക്ഷീണിച്ചതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചാണ് നില്‍ക്കുന്നതെന്നും ഇരുവരും പറഞ്ഞു.
ഈ ഡോക്ടര്‍ ദമ്പതികള്‍ ഒരു ബിഗ് സല്യൂട്ട്; ആയിരത്തിലേറെ ആളുകളെത്തിയിട്ടും തളരാതെ ഇവരുടെ സേവനം