ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍ പുറത്ത്; അട്ടിമറി നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍ പുറത്ത്; അട്ടിമറി നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍ പുറത്ത്. ബൂത്തുകളില്‍ നിന്നും ഇ.വി.എം കാറുകളില്‍ കടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇതിനൊപ്പം ചില കടകളിലും മറ്റുമായി ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

യു.പിയിലെ ചന്ദൗലിയിലെ ഒരു കടയില്‍ നിന്നും ഇ.വി.എമ്മുകളും വി.വിപാറ്റ് മെഷീനുകളും ഒരു സംഘം ആളുകള്‍ കാറിലേക്ക് കടത്തുന്നതാണ് ഒരു വീഡിയോ. മറ്റൊരു വീഡിയോ പഞ്ചാബില്‍ നിന്നും ആം ആദ്മി പ്രവര്‍ത്തക പകര്‍ത്തിയതാണ്. കാറില്‍ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എം മെഷീനുകളാണ് വീഡിയോയില്‍ കാണുന്നത്. പിന്നില്‍ ബി.ജെ.പിയാണെന്നും യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ ഇ.വി.എം എവിടേക്കാണ് കടത്തിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. എസ്.ഡി വിദ്യാമന്തിര്‍ സ്‌ട്രോങ് റൂമില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തര്‍ കാറില്‍ ഇ.വി.എം കടത്തുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെ അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമില്‍ എത്തിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, ഇ.വി.എം അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചരിച്ചത്. ഇന്ന് രാവിലെയാണ് എസ്.പി ബി.എസ്.പി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടത്.

ഇ.വി.എം കൈകാര്യം ചെയ്തതില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. പല ബൂത്തുകളില്‍ നിന്നും ഇ.വി.എം മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷം പരാതിയില്‍ പറഞ്ഞത്. യു.പിയിലും ബീഹാറിലും ഹരിയാനയിലും സ്‌ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം പരാതിയുമായി രംഗത്തെത്തിയത്.

0Shares