ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്‍റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്‍റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്.

ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ജീവനക്കാരില്‍ ആര്‍ക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബള്‍ക്ക് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്ന് സ്റ്റെനാ ഇംപേരോയുടെ ഉടമയായ കമ്പനി പറഞ്ഞു. സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

ബ്രിട്ടന്‍റെ പതാക ഘടിപ്പിച്ച സ്വീഡന്‍റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖഅധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഒരു ലൈബീരിയന്‍ എണ്ണകപ്പലും ഇറാന്‍ പിടിച്ചെടുത്തതായി ബ്രിട്ടന്‍ ആരോപിച്ചു. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു.

ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതെന്നാണു റിപ്പോര്‍ട്ട്. അതിനിടെ, വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിന്‍റെ പ്രവേശനമേഖലയില്‍ തങ്ങളുടെ സൈനിക കപ്പലിനു ഭീഷണിയുയര്‍ത്തിയ ഇറാന്‍റെ ഡ്രോണ്‍ തകര്‍ത്തതായി യു.എസ്. അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ സൈനിക ഇടപെടലാണിത്. എന്നാല്‍, യു.എസിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് ഡ്രോണ്‍ നഷ്ടമായിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

0Shares