ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഇറങ്ങിയതായി സൂചന. ടിബറ്റില്‍ ചൈനയുടെ 11 യുദ്ധവിമാനവും 22 ഹെലികോപ്റ്ററും ഇറങ്ങിയതായാണ് സൂചന. ഇതേ തുടര്‍ന്ന് ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികായാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വിമാനങ്ങള്‍ ഇറക്കിയത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല. ദോക്ലാമിലെ അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ട് മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥക്ക് ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് പരിഹാരമായിരുന്നു. തുടര്‍ന്ന് ഇന്ത്യയും ചൈനയും ഇവിടെ നിന്ന് പിന്മാറുകയായിരുന്നു. നേരത്തെ ആരംഭിച്ച റോഡ് നിര്‍മ്മാണനവും ചൈന അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം പലതവണ ചൈന പ്രകോപനം തുടങ്ങിയിരുന്നു. നേരത്തെ പിന്മാറിയ സ്ഥലത്ത് നിന്ന് 150 മീറ്ററോളം ചൈനീസ് ചൈന്യം മുന്നോട്ട് കയറി നിലയുറപ്പിക്കുകയും ചെയ്തിരുന്നു.
ദോക് ലാം സംഘര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ-ചൈന ബന്ധം വഷളാകുന്ന സാഹചര്യമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ഉടലെടുത്തിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് ഭീഷണി മറികടക്കാന്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളെ അണിനിരത്തി ഇന്ത്യ തുടര്‍ച്ചയായി നാവികാഭ്യാസം നടത്തി വന്നത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ചൈനയുടെ യുദ്ധ വിമാനങ്ങള്‍ ടിബറ്റന്‍ അതിര്‍ത്തിയില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേ സമയം ഏത് വെല്ലുവിളികളും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറാണെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നെന്ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ, ഇന്ത്യയിലെ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന് തിരിച്ചുവിളിച്ചു. ഇതേതുടര്‍ന്ന് പാക് ഹൈക്കമ്മീഷ്ണര്‍ സൊഹോയ്ല് മഹമ്മൂദ് പാക്കിസ്ഥാനിലേക്ക് മടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഇറങ്ങിയതായി സൂചന; അതിര്‍ത്തി സംഘര്‍ഷഭരിതം