ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കു ഇന്ന് തുടക്കം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കു ഇന്ന് തുടക്കം

ലണ്ടണ്‍: ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെതിരായ പരമ്പര നേട്ടത്തിനുശേഷം യഥാര്‍ഥ ‘പരീക്ഷണ’ത്തിനായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും. ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങളും തൂത്തുവാരി മികച്ച ഫോമിലാണ് ഇംഗ്ലണ്ടിന്റെ വരവ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ മറികടക്കുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല. ഇരുടീമുകളും ഇതുവരെ 11 തവണ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആറ് തവണയും ഇംഗ്ലണ്ടിനൊപ്പമായിരുന്നു വിജയം. അതില്‍ ഇംഗ്ലണ്ടില്‍ നടന്ന മൂന്ന് കളികളിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ മോര്‍ഗന്‍, ജോസ് ബട്ലര്‍, അലക്സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്റ്റോ, എന്നീ താരങ്ങള്‍ ഒറ്റയ്ക്കു മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍ ആണ്. കൂടാതെ പ്ലങ്കറ്റ്, ജോര്‍ദാന്‍, ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവരടങ്ങിയ ബൗളിംഗ് നിരയും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ സ്പിന്നര്‍മാരായ ചഹാലും, കുല്‍ദിപ് യാദവും മികച്ച ഫോമിലാണു പന്തെറിയുന്നത് എന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ഇന്ത്യന്‍ മധ്യനിരയില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടത്തുമെന്ന് അയര്‍ലന്‍ഡിനെതിരായ പരമ്പര വിജയത്തിനുശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അറിയിച്ചിരുന്നു. ജൂലൈ മൂന്നു മുതല്‍ സെപ്റ്റംബര്‍ 11 വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവും അഞ്ച് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.

0Shares