ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയില്‍ സുനാമി. 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെതുടര്‍ന്ന് സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തില്‍ സുനാമി വീശിയടിച്ചു. നിരവധി കെട്ടിടങ്ങളെ വമ്പന്‍ തിരമാലകള്‍ വിഴുങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളും ആളപായവും അറിവായിട്ടില്ല. പ്രദേശവുമായുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര് താമസിക്കുന്നുണ്ട്. അതിനാല്‍, നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍. വന്‍ കെട്ടിടങ്ങള്‍ രാക്ഷസ തിരമാലകളില്‍ തകരുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
പലുവിലെ വാഹന പാര്‍ക്കിങ് റാമ്ബില്നിന്നെടുത്ത തത്സമയ വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ഒരു വലിയ പള്ളിയും നിരവധി കെട്ടിടങ്ങളും തകര്‍ന്നു. സുനാമിബാധിത മേഖലയില്‍ എത്തിപ്പെടാന്‍ ദുരന്തനിവാരണസേനയ്ക്ക് കഴിയുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ റിക്ടര്‍സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസിയില്‍ ആദ്യമുണ്ടായത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. പിന്നാലെ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. രാവിലത്തെ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. 2004ല്‍ ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഉണ്ടായ സുനാമിയില്‍ 1,20,000 പേര് മരിച്ചു. അന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ സുനാമിയില്‍ 13 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികംപേരാണ് മരിച്ചത്.
ഇന്തോനേഷ്യയില്‍ സുനാമി; നിരവധി കെട്ടിടങ്ങളെ വമ്പന്‍ തിരമാലകള്‍ വിഴുങ്ങി