
ഇടുക്കി ജില്ലയിലെ തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. ഈ മണ്ഡലത്തിലെ ഇതുവരെയുള്ള പൊതുതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇടത്- വലത് പക്ഷങ്ങളോട് ഏകദേശം ഒരുപോലെ കൂറ് പുലര്‍ത്തുന്നവരാണ് ജനത എന്ന് വ്യക്തമാകും.
1967 മുതല്‍ ഇങ്ങോട്ട് 2014 വരെയുള്ള 13 പൊതുതെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ ഏഴ് തവണ യു.ഡി.എഫും ആറ് തവണ എല്‍.ഡി.എഫുമാണ് മണ്ഡലത്തില്‍ അധികാരത്തിലെത്തി യിട്ടുള്ളത്. ഇക്കുറി ജോയ്‌സ് ജോര്‍ജ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഡീന്‍ കുര്യാക്കോസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

മൂന്നാം കക്ഷിക്ക് ഇതുവരെയും മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും ഇത്തവണത്തെ ഇലക്ഷനില്‍ ബി.ജെ.പിയും ശക്തമായി തന്നെ രംഗത്തുണ്ട്. ബി.ഡി.ജെ.എസിലെ ബിജു കൃഷ്ണനാണ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മൂന്ന് മുന്നണികളുടെ പ്രചരണവും മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോകുന്നു.
കഴിഞ്ഞ തവണ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കൂടുതല്‍ മണ്ഡലങ്ങളും എല്‍.ഡി.എഫിന് അനുകൂലമാണെന്ന് വ്യക്തം. ആകെയുള്ള ഏഴ് മണ്ഡലങ്ങളില്‍ കോതമംഗലം, ദേവികുളം, മൂവാറ്റുപുഴ, ഉടുമ്പന്‍ചോല, പീരുമേട് എന്നീ അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് അധികാരത്തിലുള്ളത്.
തൊടുപുഴയും ഇടുക്കിയും മാത്രമാണ് കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തിയിരിക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍. 5,84,925 പുരുഷ വോട്ടര്‍മാരും 5,91,171 വനിതാ വോട്ടര്‍മാരും മൂന്ന് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം ആകെ 11,76,099 വോട്ടര്‍മാരാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലുള്ളത്.
