ഇ. അഹമ്മദ് സ്മാരക പ്രഥമ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡോ. രാം പുനിയാനി, സാഗരിക ഘോഷ്, പൊട്ടങ്കണ്ടി അബ്ദുള്ള എന്നിവര്‍ക്ക് ദേശീയ പുരസ്‌കാരം

  • Post category:news
  • Reading time:2 mins read
You are currently viewing ഇ. അഹമ്മദ് സ്മാരക പ്രഥമ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡോ. രാം പുനിയാനി, സാഗരിക ഘോഷ്, പൊട്ടങ്കണ്ടി അബ്ദുള്ള എന്നിവര്‍ക്ക് ദേശീയ പുരസ്‌കാരം

ദുബൈ: മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും, കാല്‍നൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ പാര്‍ലമെന്റിലും നിറഞ്ഞുനിന്ന ഇ. അഹമ്മദിന്റെ സ്മാരകമായി ഏര്‍പ്പെടുത്തുന്ന പ്രഥമ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനാധിപത്യ മതനിരപേക്ഷ നിലപാടുകളെ ശക്തിപ്പെടുത്തുന്നതില്‍ രചനാത്മകമായ സംഭാവനകള്‍ നല്‍കിയ, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവകാരുണ്യ- സാമൂഹ്യ സേവന രംഗത്ത് മികച്ച മാതൃകകള്‍ കാഴ്ചവെച്ച വ്യക്തിത്വത്തിനുമാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. രാംപുനിയാനി, മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ്, മദീന ഗ്രൂപ്പ് സംരംഭങ്ങളുടെ ചെയര്‍മാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പി.കെ അബ്ദുള്ള (പൊട്ടങ്കണ്ടി)എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

അമ്പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡുകള്‍ ആഗസ്ത് 10 നു ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ചെയര്‍മാനായ ജൂറി പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. പി എ ഇബ്രാഹിം ഹാജി, ഷാജഹാന്‍ മാടമ്പാട്ട്, കമാല്‍ വരദൂര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. ദേശീയ നേതാക്കള്‍, മാധ്യമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകരായ ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് കെ.ടി ഹാഷിം, ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ ചേലേരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരമായി ഇടപെടുന്ന രാം പുനിയാനി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. എഴുത്തുകാരന്‍, പ്രഭാഷകന്‍, അദ്ധ്യാപകന്‍, ഗവേഷകന്‍ എന്നി നിലകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ, സാമുദായിക സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടി നിരന്തര കാമപയിനുകളും നടത്തിവരുന്നു. ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ്, സി എന്‍ എന്‍ – ഐ ബി എന്‍ ചാനലിലെ ഡെപ്യൂട്ടി എഡിറ്ററും പ്രധാന വാര്‍ത്താവതാരകയും ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഔട്ട് ലുക്ക്, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മുന്‍നിര മാധ്യമങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്തയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററാണ്. ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമിയുടെ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട പി കെ അബ്ദുള്ള (പൊട്ടങ്കണ്ടി), നാലുപതിറ്റാണ്ടു പിന്നിട്ട പ്രവാസത്തോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന മദീന ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരവധി വിദ്യാഭ്യാസ – സാംസ്‌കാരിക – ജീവകാരുണ്യ സംരംഭങ്ങളുടെ സാരഥ്യം വഹിക്കുകയും ചെയ്യുന്നു. തലശ്ശേരി മലബാര്‍ കേന്‍സര്‍ സെന്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി,എച്ച് സെന്റര്‍ പ്രസിഡന്റ്, കൂത്തുപറമ്പ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിക്കുന്നു.

 

0Shares