ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ അറിയിച്ചു. 1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണ്. ജനുവരിയില്‍ ഇത് പുറത്തിറക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് 1000 രൂപയുടെ അച്ചടി വൈകുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പുതിയ നോട്ട് ഔദ്യോഗികമായി ഇറക്കുക എന്നാണെന്ന് പറയാറായിട്ടില്ല.നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 15.44 ലക്ഷം കോടി രൂപക്ക് പകരമായാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നത്.

പുതിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് മികച്ച സുരക്ഷ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.ഇന്നലെ മുതല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24000 രൂപയില്‍ നിന്നും 50000 രൂപയാക്കി ആര്‍.ബി.ഐ വര്‍ധിപ്പിച്ചു. മാര്‍ച്ച് 30 ഓടെ തുക പിന്‍വലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.1000 രൂപയും കൂടി വരുന്നതോടെ നിരോധനത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ നോട്ട് ക്ഷാമത്തിന് അറുതിയുണ്ടാകും. ബാങ്കിലെത്തിയ പഴയ നോട്ടുകളുടെ കൃത്യമായ കണക്ക് ഇതുവരെ ആര്‍.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31വരെയും എന്‍.ആര്‍.ഐക്കാര്‍ക്ക് ജൂണ്‍ 30വരെയും അസാധു നോട്ട് ബാങ്കില്‍ നിക്ഷേപിക്കാം.