ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാ(46)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു തങ്കമണി. ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു.ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ കഴിഞ്ഞ ഏഴിനാണ് പനി ബാധിച്ച നിലയില്‍ ഇവരെ അഡ്മിറ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയില്‍ ടൈഫോയിഡ് ബാധയാണെന്ന് വ്യക്തമായിരുന്നു.തങ്കമണിയുടെ മൂത്ത സഹോദരി സരോജിനിയാണ് കൂടെയുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടേമുക്കാലിന് കുളിമുറിയിലേക്ക് പോയ തങ്കമണി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെതുടര്‍ന്ന് സരോജിനി ബഹളം വെച്ചു. ഇതിനെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തി മുട്ടി വിളിച്ചുവെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് അകത്ത് തങ്കമണിയെ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തളിപ്പറമ്പ് കെ.എസ്.ഇ.ബി യിലെ കരാര്‍ ജീവനക്കാരന്‍ രാമചന്ദ്രന്റെ ഭാര്യയാണ് വെള്ളാവ് സ്വദേശിനിയായ തങ്കമണി. മക്കള്‍: ശരത്, ശ്രുതി. സഹോദരങ്ങള്‍: സരോജിനി, നാരായണന്‍, പ്രീത

 

 

0Shares