ആ വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കാര്യം ഓര്‍ക്കാന്‍ വയ്യ…!

  • Post category:news
  • Reading time:2 mins read
You are currently viewing ആ വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കാര്യം ഓര്‍ക്കാന്‍ വയ്യ…!

തിരുവനന്തപുരം: കേരളത്തിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സമീപ ഭാവിയില്‍ ബി.ജെ.പിയില്‍ ചേക്കേറുമെന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. കോണ്‍ഗ്രസിനെ മടുത്ത ഈ ഭാഗ്യാന്വേഷികള്‍ അധികം വൈകാതെ ബി.ജെ.പിയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍. തിരുവനന്തപുരം എം.പി. ശശിതരൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം സി.പി.എമ്മിന്റെ അമരത്തുള്ള ചില നേതാക്കളാണ് പുറത്ത് വിട്ടത്. സ.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ അതിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്ന് പ്രാധാന്യപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി.എസ് അച്യുതാനന്ദനും ആധികാരികമായാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ കളം മാറ്റത്തെക്കുറിച്ച് പറയുന്നത്. സംഭവം വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം വെളിപ്പെടുത്തലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ച ഒരു മുന്‍മന്ത്രിയും മുന്‍ എം.പിയുമായ ഉത്തരകേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേരാനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തി കഴിഞ്ഞതായും ദേശാഭിമാനി വെളിപ്പെടുത്തുന്നു. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും രാജ്യത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമായ എസ്.എം കൃഷ്ണ ഈയിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എസ്.എം കൃഷ്ണയുടെ മാതൃക പിന്തുടര്‍ന്ന് ബി.ജെ.പിയിലേക്ക് കൂടുമാറാന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം സി.പി.എം മുഖപത്രം പറയുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഇനി ഭാവിയില്ലെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ട് എന്നുള്ളത് വാസ്തവമാണ്. പല കാരണങ്ങളാല്‍ മനം മടുത്ത് കഴിയുന്ന ഇത്തരം നേതാക്കളോടൊപ്പം പാര്‍ട്ടി വിടാനാഗ്രഹിക്കുന്ന നിരവധി ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട് എന്നുള്ളതും പരമാര്‍ത്ഥമാണ്. ശശിതരൂര്‍ ഇതിന് മുമ്പ് തന്നെ പലവട്ടം ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുകയും അത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

അന്തരിച്ച സുനന്ദപുഷ്‌കരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസന്വേഷണവും വിവാദവും ശശിതരൂരിനെ ഏറെകാലമായി വേട്ടയാടി കൊണ്ടിരിക്കുന്നുണ്ട്. സുനന്ദയുടെ മരണത്തിന് യഥാര്‍ത്ഥ ഉത്തരവാദി അദ്ദേഹം തന്നെയാണെന്ന് തെളിയുന്ന പക്ഷം ശശിതരൂരിന്റെ രാഷ്ട്രീയ ഭാവിയെ അത് കാര്യമായി ബാധിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കേസന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നതും പരസ്യമായ രഹസ്യമാണ്. ഈയൊരു ഘട്ടത്തില്‍ ബി.ജെ.പി അദ്ദേഹത്തിന് അഭയം കൊടുക്കുകയാണെങ്കില്‍ കേസിന്റെ വഴിയില്‍ നിന്നും രക്ഷപ്പെടാന്‍ എളുപ്പമാകും. ബി.ജെ.പിയില്‍ എത്താനാഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആവശ്യമായ സ്ഥാനമാനങ്ങള്‍ നല്‍കി പരിഗണിക്കാനാണത്രേ നീക്കം നടക്കുന്നത്. എന്തായാലും വരും ദിനങ്ങളില്‍ ഇത് സംബന്ധിച്ച അണിയറ രഹസ്യങ്ങള്‍ മറ നീക്കി പുറത്ത് വരുമെന്ന് തന്നെയാണ് രാഷ്ട്രീയ കേരളം വിശ്വസിക്കുന്നത്.

0Shares