മക്ക: ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ 20 ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. സ്ഫുടം ചെയ്ത മനസുമായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്ന വിശ്വാസ ലക്ഷങ്ങള്‍ അറഫാ സമ്മേളനത്തിനായി മിനായിലെ ടെന്റുകളില്‍ നിന്ന് ഒഴുക്ക് ആരംഭിച്ചു. ലിംഗ- വര്‍ണ-ദേശ-ഭാഷാദി വിവേചനങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്ന അറഫാ സംഗമമാണ് ഹജ്ജിന്റെ പ്രധാന കര്‍മം. ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്നലെ പുലര്‍ച്ചെയോടെ തന്നെ മിനായില്‍ എത്തിച്ചേര്‍ന്നു. ഇവിടെ പ്രാര്‍ഥനയില്‍ മുഴുകി അറഫാ സംഗമത്തിനായി ഒരുങ്ങിയ തീര്‍ഥാടകര്‍ രാത്രിയോടെ അവിടം ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു. 
ഹാജിമാര്‍ രാത്രിയാകുന്നതോടെ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നീങ്ങും. ഇന്നു രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ശേഷം നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനു മിനായിലേക്കു തിരിക്കും. മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ആദ്യ ദിവസത്തെ കല്ലേറ് കര്‍മത്തിലും പിന്നീട് നടക്കുന്ന ബലികര്‍മങ്ങളിലുംപങ്കുകൊള്ളും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
