അമേരിക്കന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണം; അന്ത്യ ശാസനവുമായി വെനസ്വേല; രാജ്യം പട്ടിണിയിലേയ്ക്ക്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണം; അന്ത്യ ശാസനവുമായി വെനസ്വേല; രാജ്യം പട്ടിണിയിലേയ്ക്ക്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല

മെക്‌സിക്കോ സിറ്റി: വെനസ്വേലയില്‍ ഇപ്പോഴും തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ. അമേരിക്കയുടെ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ വിദേശകാര്യമന്ത്രി ജോര്‍ജ് അറീസ രംഗത്ത് വന്നത്.

അമേരിക്കയുടെ നയതന്ത്രജ്ഞര്‍ വെനസ്വേലന്‍ മണ്ണില്‍ തുടരുന്നത് രാജ്യത്തെ സമാധാനവും ഐക്യതയും സ്ഥിരതയും ഇല്ലാതാക്കുമെന്ന് അറീസ ട്വിറ്ററില്‍ കുറിച്ചു. വെനസ്വേലയില്‍ നിന്ന് പെട്ടെന്ന് തന്നെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് മദുറോക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ അധികൃതര്‍ വെനസ്വേലയില്‍ തുടരുകയായിരുന്നു. നിക്കോളാസ് മദുറോക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി തുടരുകയാണ്.

ഭരണത്തില്‍ നിന്നും മദുറോയുടെ രാജി ഉറപ്പാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജുവാന്‍ ഗെയ്ദോ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, രാജ്യത്ത് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുദിവസങ്ങളായി വെനസ്വേല ഇരുട്ടിലാണ്. എണ്ണയാല്‍ സമ്പന്ന രാജ്യത്ത് വൈദ്യുതി ഇല്ലത്തായത് വെനസ്വേലന്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി, ഭക്ഷണം ലഭിക്കാതെ ആളുകള്‍ പട്ടിണിയിലാണ്, പൊതു ഗതാഗതം സതംഭിച്ചു, ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ചികിത്സക്ക് എത്തുന്നില്ല, പല ആശുപത്രികളും എമര്‍ജന്‍സി ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വെനസ്വേലയില്‍ നിന്നും പുറത്തു വരുന്നുണ്ട്.

0Shares