
നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.സുരേന്ദ്രനെ പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെ പുറത്തു വിട്ട നാല് സംസ്ഥാനങ്ങളിലെ 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. കേരളാ ബി.ജെ.പിയില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകവെയാണ് അപ്രതീക്ഷിതമായി പ്രഖ്യാപനം വന്നിരിക്കുന്നത്.

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുംതോറും സീറ്റിനെ ചൊല്ലി ബി.ജെ.പിയ്ക്കുള്ളിലെ കലഹം പരസ്യമായിരുന്നു.പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയതോടെ കെ. സുരേന്ദ്രനായി പോരാട്ടം നടത്തുന്ന മുരളീധരപക്ഷം കടുത്ത അതൃപ്തിയിലായിരുന്നു. മണ്ഡലത്തില്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയുണ്ടായിട്ടും പ്രഖ്യാപിക്കുന്നില്ലെന്നായിരുന്നു പ്രതിഷേധ കാരണം.
ഒടുവില്‍ അതൃപ്തി തുറന്നുപറഞ്ഞ് എം.ടി രമേശും പരസ്യമായി രംഗത്തെത്തിയിരിന്നു. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് മുമ്പില്‍ എന്തെങ്കിലും തടസമുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു രമേശിന്റെ പ്രതികരണം.
കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടാകുമോയെന്ന് അറിയില്ലെന്നും സംസ്ഥാനഘടകത്തിന് അതിനെ കുറിച്ച് അറിവില്ലെന്നും എം.ടി രമേശ് പ്രതികരിച്ചിരുന്നു.
