അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്കൊന്ന് കുഴിച്ചുമൂടി

  • Post category:news
  • Reading time:1 min read
You are currently viewing അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്കൊന്ന് കുഴിച്ചുമൂടി

ഗുവാഹത്തി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികള്‍ക്ക് നാട്ടുകാരുടെ ശിക്ഷ. കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു. അരുണാചല്‍ പ്രദേശിലെ ടെസു എന്ന ടൌണില്‍ ആണ് സംഭവം.

സഞ്ജയ് സോബര്‍(30) ജഗദീഷ് ലോഹര്‍(25) എന്നീ പ്രതികളെയാണ് ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തി ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചുകൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ ആള്‍ക്കൂട്ടം കുഴിചിടുകയും ചെയ്തു. ഫെബ്രുവരി 12ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് സഞ്ജയ് സോബറിനും ജഗദീഷ് ലോഹറിനുമെതിരായ കേസ്.

ഈ ഞായറാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നുവെന്ന് സോബര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത വിവരമറിഞ്ഞ് തടിച്ചുകൂടിയ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയായിരുന്നു. ആയിരത്തോളം പേരുണ്ടായിരുന്നതിനാല്‍ പോലീസിന് നിയന്ത്രിക്കാനായില്ല.

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്നത് പ്രാകൃതവും മനുഷ്യത്വരഹിതവുമായ സംഭവമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പെമ ഖണ്ഡു പ്രതികരിച്ചു. അതേസമയം ജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ അനുവാദമില്ലെന്നും കൊലയാളിയെ ആള്‍ക്കൂട്ടം കൊന്നത് ദൌര്‍ഭാഗ്യകരമായ സംഭവമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

0Shares