ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് ലക്ഷംരൂപ വാങ്ങി 65കാരനായ ഷെയ്ക്കിനെ വിവാഹം കഴിപ്പിച്ചു നല്‍കിയതായി മാതാപിതാക്കളുടെ പരാതി. ഭര്‍തൃ സഹോദരിയും ഭര്‍ത്താവ് സികന്ദറും ചേര്‍ന്ന് ഒമാന്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു നല്‍കിയെന്നാണ് പരാതി. ബുധനാഴ്ച പഫലാക്നുമ അഡീഷണല്‍ കമ്മീഷണര്‍ മുമ്പാകെയാണ് പെണ്‍കുട്ടിയുടെ മാതാവ് ഉനൈസ പരാതി നല്‍കിയത്. വിവാഹശേഷം പെണ്‍കുട്ടിയെ അഹമ്മദ് മസ്‌കത്തില്‍ കൊണ്ടുപോയെന്നും മകളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് അവര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ റംസാനുമുമ്പ് ഹൈദരബാദ് നഗരത്തില്‍ ബര്‍കാസ് മേഖലയിലെ ഹോട്ടലില്‍വെച്ച് ഇവര്‍ തന്റെ അറിവില്ലാതെ മകളെ നിക്കാഹ് നടത്തി നല്‍കിയെന്നും മാതാവ് പറയുന്നു.
ഇതിനു പ്രതിഫലമെന്നോണം ഗൗസിയയും സിക്കന്ദറും അഞ്ചുലക്ഷം രൂപ വാങ്ങിയെന്നും അവര്‍ പറയുന്നു. നേരത്തെയും ഹൈദരാബാദില്‍ നിന്നും ഇത്തരമൊരു സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അറബ് ഷെയ്ക്കുകള്‍ക്ക് വിവാഹം കഴിപ്പിച്ചു നല്‍കുന്നത്. 10,000 മുതലുളള തുകയ്ക്കാണ് പെണ്‍കുട്ടികളെ തേടിയെ ഷെയ്ക്കുമാര്‍ എത്തുന്നതെന്ന് പറയപ്പെടുന്നു. ഹൈദരാബാദിലെ ‘വധു വില്‍പന’യുടെ പ്രമേയത്തെ അടിസ്ഥാനമാക്കി സനിമകള്‍ വരെ ഉണ്ടായിരുന്നു. മുപ്പതു പതിറ്റാണ്ടിനിടയ്ക്ക് ‘മുത്തുകളുടെ നഗരം’ എന്നറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ യാഥാര്‍ത്ഥ്യം ഇപ്പോഴും മാറിയിട്ടില്ലയെന്നു തെളിയിക്കുകയാണ് ഈ കൗമാരക്കാരിയുടെ വിവാഹം.