തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘പൂജ്യം’ വോട്ട്; നടപടിയുമായി സി.പി.എം; കോഴിക്കോട്ടെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘പൂജ്യം’ വോട്ട്; നടപടിയുമായി സി.പി.എം; കോഴിക്കോട്ടെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കൊടുവള്ളി നഗരസഭയിലെ സി.പി.എമ്മിന്‍റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചാണ് ചുണ്ടപ്പുറം. ഈ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടൊന്നും ലഭിച്ചിരുന്നില്ല.

ഐ.എന്‍.എല്‍. നേതാവും കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ഇവിടെ ലഭിച്ചത്. ഇതിനേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. ഈ വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ല സെക്രട്ടറിയറ്റിന്‍റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തു. കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.

ആദ്യം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത് ഐ.എൻ.എൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒ.പി റഷീദാണ്.

ഫലം വന്നപ്പോൾ ഒരു വോട്ടുപോലും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയത് സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി.

0Shares