
കാസർകോട്: സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൻ്റെ പ്രാധാന്യവും ആവശ്യകതയും ഓര്‍മ്മിപ്പിച്ച് യുവാഗ്‌നി കലാജാഥ പര്യടനം തുടരുന്നു. ഗാര്‍ഹിക പീഢനങ്ങള്‍ക്കെതിരെയും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍രഹിതരായ യുവതികളുടെ പ്രശ്നങ്ങളും അവതരിപ്പിക്കുന്ന സ്‌കിറ്റ്, ഫ്ളാഷ് മോബ് എന്നിവയുമുള്‍ക്കൊള്ളിച്ചതാണ് കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ കലാജാഥ.
സര്‍ഗാത്മക വികസനവും സ്ത്രീമുന്നേറ്റവും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പും സ്‌കിറ്റില്‍ പ്രമേയമാകുന്നുണ്ട്. ഉദയന്‍ കുണ്ടംകുഴിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാരാണ് ജാഥാംഗങ്ങള്‍. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എ.ഡി.എം.സിമാരായ ഡി. ഹരിദാസ്, പ്രകാശന്‍ പാലായി, സി.എച്ച്. ഇഖ്ബാല്‍ തുടങ്ങിയവരാണ് കലാജാഥക്ക് നേതൃത്വം നല്‍കുന്നത്.

പര്യടനത്തിൻ്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച മുള്ളേരിയ ടൗണ്‍, പീപ്പിള്‍ കോളേജ് മുന്നാട്, സെന്റ്.പയസ് ടെന്‍ത് കോളേജ് രാജപുരം, ഒടയംചാല്‍ ടൗണ്‍, കുന്നംകൈ എന്നിവിടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.
സമാപന ദിവസമായ നവംബര്‍ 17 ന് എസ്.എന്‍.ട്രസ്റ്റ് കോളേജ് പെരിയ, അംബേദ്കര്‍ കോളേജ് പെരിയ, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, നെഹ്‌റു കോളേജ് പടന്നക്കാട്, നീലേശ്വരം മാര്‍ക്കറ്റ്, എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷം ചെറുവത്തൂര്‍ ടൗണില്‍ സമാപിക്കും. സമാപന പരിപാടിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.സി.വി എന്നിവര്‍ പങ്കെടുക്കും.
