ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളും മൂന്ന് കുട്ടികളും അറസ്റ്റില്‍; ആക്രിക്കടയില്‍ കഷണങ്ങൾ ആക്കിയ ബൈക്കുകള്‍ കണ്ടെത്തി

You are currently viewing ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളും മൂന്ന് കുട്ടികളും അറസ്റ്റില്‍; ആക്രിക്കടയില്‍ കഷണങ്ങൾ ആക്കിയ ബൈക്കുകള്‍ കണ്ടെത്തി

മുള്ളേരിയ / കാസർകോട്: രണ്ട് ബൈക്കുകള്‍ കവര്‍ച്ച ചെയ്‌ത കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.ആദൂര്‍ സി.എ നഗറില്‍ ഒരേ ദിവസമാണ് ബൈക്കുകൾ കവർന്നത്. എടനീര്‍ മുണ്ടോള്‍ മൂലയിലെ നിതിന്‍(18), പൊവ്വല്‍ മുജീബ് മന്‍സിലിലെ ഷെരീഫ്(19), പൊവ്വല്‍ ലക്ഷം വീട്ടിലെ അബ്ദുല്‍ ലത്തീഫ്(36) എന്നിവരെയും മൂന്ന് കുട്ടികളെയുമാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.

സംഭവത്തിൽ അന്വേഷണം ഉർജ്ജിതമാക്കുമെന്ന് ആദൂർ പോലീസ് സബ് ഇൻസ്‌പെക്ടർ അനുരൂപ് ചാനൽ ആർ.ബിയോട് പറഞ്ഞു.

യുവാക്കളെ കോടതിയിലും പ്രായപൂര്‍ത്തി ആകാത്തവരെ ജുവനൈല്‍ ഹോമിലും ഹാജരാക്കി. ആദൂര്‍ സി.എ നഗറിലെ സുജിത്കുമാറിൻ്റെ കെ.എല്‍ 14 എന്‍ 4964 നമ്പര്‍ യൂണികോണ്‍ ബൈക്കും ആദൂര്‍ റഹ്‌മത്ത് നഗര്‍ ബദ്രിയ മന്‍സിലിലെ ബി.എ സുഹൈലിൻ്റെ കെ.എല്‍ 60 എച്ച് 2469 യമഹ എഫ്‌സെഡ് ബൈക്കും കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.

PhotoCourtesy:UtharadeasamDaily

ജനുവരി ഏഴിന് രാത്രിക്കും എട്ടിന് പുലര്‍ച്ചെക്കും ഇടയിലാണ് രണ്ട് ബൈക്കുകളും മോഷ്ടിച്ചത്. സുജിത് കുമാറിൻ്റെ ബൈക്ക് സി.എ നഗറിലെ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. സുഹൈലിൻ്റെ ബൈക്ക് സി.എ നഗറില്‍ പള്ളിക്ക് മുന്നിലാണ് നിര്‍ത്തിയിട്ടിരുന്നത്.

രണ്ട് പേരുടെയും പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ആണ് പ്രതികള്‍ പിടിയിലായത്. ‘നിതിനും മൂന്ന് കുട്ടികളും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചത്. ഷെരീഫും അബ്ദുല്‍ ലത്തീഫും ഇവരില്‍ നിന്ന് ബൈക്കുകള്‍ വാങ്ങുകയായിരുന്നു. രണ്ടുപേര്‍ക്കും പൊവ്വലില്‍ ആക്രിക്കടയുണ്ട്. ഈ ആക്രിക്കടയിലാണ് ബൈക്കുകള്‍ വില്‍പ്പന നടത്തിയതെന്നും പോലീസ് പറഞ്ഞു.

ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന ബൈക്ക് മോഷണങ്ങളുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ മുള്ളേരിയയിലെ വില്ലേജ് ഓഫീസ് ജീവനക്കാരൻ്റെ ബൈക്ക് കവര്‍ന്നതും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് കവര്‍ന്നതും നിതിൻ്റെ നേതൃത്വത്തിലാണെന്ന് പൊലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്.

മോഷ്ടിച്ച ബൈക്കുകള്‍ വാങ്ങുന്നവരെന്ന നിലയില്‍ ഷെരീഫിനെയും അബ്ദുല്‍ ലത്തീഫിനെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്‌തു. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍ എത്തിച്ച് പൊളിച്ച് കഷ്‌ണങ്ങളാക്കി വില്‍ക്കുകയാണ് സംഘം ചെയ്യുന്നതെന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ അനുരൂപ് പറഞ്ഞു.

0Shares