
കാസർകോട്: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവയുടേയും സുമതിയുടേയും മകന്‍ സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പെര്‍ള കജംപാടിയിലെ ചന്ദ്രൻ്റെ മകന്‍ പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ഡി.വൈ.എസ്.പി പി.കെ സുധാകരൻ്റെയും സർക്കിൾ ഇൻസ്‌പെക്ടർ അജിത് കുമാറിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സന്ദീപിൻ്റെ കുടുംബവീട് കജംപാടിയിലാണ്. സന്ദീപിൻ്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇതേകുറിച്ച് ചോദിക്കാന്‍ ഞായറാഴ്‌ച വൈകിട്ട് സന്ദീപ് കജംപാടിയിലെത്തുകയും പവന്‍രാജുമായി വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടുകയും ചെയ്‌തു.
പ്രകോപിതനായ പവന്‍രാജ് സന്ദീപിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്‌ച രാവിലെ മരണം സംഭവിച്ചു.
കസ്റ്റഡിയിലുള്ള പവന്‍രാജിനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. വൈകിട്ടോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലീസ് പരിയാരത്തേക്ക് പോയി. സതീഷ്, ലതീഷ്, സന്തോഷ്, സജിത സന്ദീപിൻ്റെ സഹോദരങ്ങള്‍.
