
വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഫോണ്‍ ഉടമയ്ക്ക് സാരമായ പൊള്ളലേറ്റ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സുഹിത് ശര്‍മ എന്നയാളാണ് പൊട്ടിത്തെറിച്ച ഫോണിന്റേയും പൊള്ളലേറ്റ ഭാഗവും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
അതേസമയം, സംഭവത്തില്‍ വണ്‍പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വണ്‍പ്ലസില്‍ നിന്നും ഇത് തീരെ പ്രതീക്ഷിച്ചില്ലെന്നും. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് കണ്ടുനോക്കൂ എന്നും സുഹിത് ശര്‍മ ട്വീറ്റില്‍ കുറിക്കുന്നു. ഇതിൻ്റെ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ, ജനങ്ങളുടെ ജീവന്‍ വെച്ചുകളിക്കരുത്. പരിക്കേറ്റയാള്‍ ഏറെ ബുദ്ധിമുട്ടിലാണെന്നും ഉടന്‍ ബന്ധപ്പെടൂവെന്നും സുഹിത് വണ്‍ പ്ലസിനോട് ആവശ്യപ്പെടുന്നുണ്ട്.

ഇത് ആദ്യമായല്ല വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിക്കുന്നത്. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിൻ്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അന്ന് ബംഗളൂരുവിലെ ഒരു യുവതിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സെപ്റ്റംബറില്‍ ഡെല്‍ഹിയിലെ ഒരു അഭിഭാഷകൻ്റെ ഗൗണിനുള്ളില്‍ നിന്നും ഈ ഫോണ്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്.
