
വിവാഹത്തിന് സമ്മതിക്കാത്തതിന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മൈസൂരിലെ ചാമരാജനഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിലെ തേരമ്പള്ളി ഗ്രാമത്തിലാണ് സംഭവം. ട്രാക്ടർ ഡ്രൈവറായ മാമ്പള്ളി ഗ്രാമനിവാസി ശ്രീനിവാസാണ് (27), ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ നഴ്‌സായ മാമ്പള്ളിയിലെ കാഞ്ചനയെ (25) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കാഞ്ചനയും ശ്രീനിവാസും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ യുവാവ് നിരവധി തവണ നിർബന്ധിച്ചിട്ടും കാഞ്ചന വിവാഹത്തിന് സമ്മതിച്ചില്ല. കുറച്ചുകൂടി കാത്തിരിക്കാനായിരുന്നു യുവതി പറഞ്ഞത്. ഈ പകയാണ് അരുംകൊലയ്ക്ക് കാരണം.ട്രാക്ടർ ഡ്രൈവറായതിനാൽ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു.മൂന്നുമാസം മുൻപ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്‍റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെ കൂട്ടി തെരമ്പള്ളി തടാകത്തിനടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് കാറിന്‍റെ വാതിലുകൾ പൂട്ടിയശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാമുകിയുടെയും തന്‍റെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽനിന്ന് തീയുയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
