
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ കര്‍ഷകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിയായ വിത്യസ്ത വിഭാഗങ്ങളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇപ്പോഴിതാ യാത്രയ്ക്കിടെ തമിഴ്നാട്ടില്‍ വെച്ച് രാഹുലിന് നേരിട്ട രസകരമായ അനുഭവം പങ്കുവയ്ക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.
ശനിയാഴ്ച ഉച്ച തിരിഞ്ഞ് കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി സംസാരിക്കവെയാണ് സംഭവം. കോണ്‍ഗ്രസ് നേതാവുമായുള്ള സംസാരം മുമ്പോട്ടു പോകവെ, ഒരു വിവാഹാലോചനയാണ് തൊഴിലാളികള്‍ മുമ്പോട്ടു വച്ചത്. ‘നിങ്ങള്‍ക്ക് തമിഴ്നാടിനെ വലിയ ഇഷ്ടമാണെന്നറിയാം. ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാം’ എന്നായിരുന്നു അവരുടെ വാഗ്ദാനമെന്ന് ജയ്‌റാം രമേശ് ട്വീറ്റു ചെയ്തു.

രാഹുലിന് ആ ചോദ്യം ഏറെ ഇഷ്ടമായെന്നും ഈ ഫോട്ടോ അതാണ് കാണിക്കുന്നതെന്നും സംഭവത്തില്‍ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പത്തിരണ്ടുകാരനായ രാഹുല്‍ ഗാന്ധി അവിവാഹിതനാണ്. അതിനിടെ, തമിഴ്നാട്ടിലെ പര്യടനം കഴിഞ്ഞ രാഹുല്‍ ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിലെത്തി.
കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.
