
മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവെച്ചു. യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയുടെ അപ്പീൽ കോടതി തള്ളിയത്. അപ്പീൽ കോടതി ഹര്‍ജി തള്ളിയതോടെ വധശിക്ഷ ഒഴിവാകാനുള്ള അവസാനശ്രമവും പാഴായി.
2017ൽ നടന്ന സംഭവത്തിലാണ് യമൻ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ക്ലിനിക്ക് തുടങ്ങാനായി പങ്കാളിയായ സ്വദേശിയായ യുവാവിനെ നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. യമൻ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാൻ്റെ സഹായത്തോടെ കൊല നടത്തിയ ശേഷം മൃതദേഹം കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിൽ ഉപേക്ഷിച്ചെന്ന് കേസിലെ രേഖകള്‍ വ്യക്തമാക്കുന്നു.

സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ജീവരക്ഷയ്ക്കായി നടത്തിയ കൊലപാതകമാണെന്നുമാണ് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ അപ്പീൽ കോടതിയും ഹര്‍ജി തള്ളിയതോടെ യെമൻ പ്രസിഡൻ്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യൽ കൌൺസിലിനെ സമീപിക്കുക എന്നതു മാത്രമാണ് നിമിഷപ്രിയയ്ക്കു മുന്നിലുള്ള നിയമപരമായ മാര്‍ഗം. എന്നാൽ അപ്പീൽ കോടതി സ്വീകരിച്ച നടപടികള്‍ ശരിയാണോ എന്നു മാത്രമാണ് സമിതി പരിശോധിക്കുക.
സ്ത്രീയെന്ന പരിഗണന നല്‍കണമെന്നും ആറു വയസുള്ള മകനും വൃദ്ധയായ മാതാവും ഉണ്ടെന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്നും നിമിഷപ്രിയയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൻ്റെ വിചാരണയുടെ ഭാഗമായി നിമിഷപ്രിയ വര്‍ഷങ്ങളായി യമനിലെ ജയിലിൽ കഴിയുകയാണ്. ഇതിനിടയിൽ ശിക്ഷ ഒഴിവാക്കാൻ നിയമപരമായി മുന്നോട്ടു പോകുകയായിരുന്നു കുടുംബം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ.
