
അധിനിവേശം ലക്ഷ്യമിട്ട് കിഴക്കന് ഉക്രൈനിലെ വിഘടനവാദി മേഖലകളില് സൈന്യത്തെ വിന്യസിക്കാനുള്ള റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിൻ്റെ തീരുമാനത്തിനെതിരെ തിരിച്ചടിക്കാന് ലോകനേതാക്കള് തന്ത്രങ്ങൾ മെനയുന്നു. റഷ്യയുടെ തീരുമാനം മിൻസ്‌ക് സമാധാന ഉടമ്പടിയുടെ വ്യക്തമായ ലംഘനമാണെന്ന് ഫ്രാൻസും ജർമ്മനിയും അമേരിക്കയും പറഞ്ഞു.
പുടിൻ്റെ നടപടിയോട് പ്രതികരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അറിയിച്ചു. മോസ്കോയുടെ ദീർഘകാല സ്വപ്‌ന പദ്ധതിയായ റഷ്യയിൽ നിന്നുള്ള നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ സർട്ടിഫിക്കേഷൻ നടപടികൾ നിർത്തിവെക്കാനുള്ള നടപടികൾ സ്വീകരിച്ച് റഷ്യയെ ഒറ്റപ്പെടുത്താനുള്ള ജർമ്മനി തീരുമാനത്തോട് ലോക നേതാക്കൾ ആദ്യമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പുടിന്‍റെ നീക്കം നിരവധി അന്താരാഷ്‌ട്ര കരാറുകൾ ലംഘിച്ചുവെന്നും റഷ്യക്കെതിരായ നടപടികളിലേക്ക് കടക്കേണ്ട സമയമാണെന്നുമാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. റഷ്യൻ ആക്രമണത്തെ ചെറുക്കാൻ ഉക്രൈനിന് സാധിക്കാത്തതിനാൽ ഉപരോധം മാത്രമാണ് ആക്രമണത്തെ തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മുന്നിലുള്ള ഏക വഴി.
ആക്രമണം ഉക്രെയ്നെ നശിപ്പിക്കുകയും ഊർജത്തിനായി റഷ്യയെ ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും. ഏഷ്യൻ രാജ്യങ്ങളും യുദ്ധ ഭീഷണിയിലാണ്. ഉക്രൈൻ പ്രതിസന്ധി രൂക്ഷമാകുകയും യു.എസ് പിന്തുണയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്താൽ സംഭവിച്ചേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സജ്ജരാകാന്‍ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ-ഇൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
