
കാസർകോട്: നീണ്ട പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ പെന്‍ഷനടക്കം ആനൂകൂല്യങ്ങള്‍ ഇന്ത്യന്‍ നേവിയില്‍ നിന്ന് നേടിയെടുക്കാനായതിന്‍റെ സന്തോഷത്തിലാണ് പുതുവര്‍ഷ പുലരിയില്‍ കാസർകോട് സ്വദേശിനിയായ കമാന്‍റര്‍ ഇ..പ്രസന്ന. ഏറെ വൈകിയെങ്കിലും ആനുകൂല്യങ്ങള്‍ തീര്‍ത്ത് കിട്ടിയതിയതില്‍ സന്തോഷം ഉണ്ട്. നാവിക സേനാ വിഭാഗത്തിലെ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് വലിയ നേട്ടത്തിന് ശേഷം കമാന്‍റര്‍ പ്രസന്ന പ്രതികരിച്ചത്.
നാവികസേനയില്‍ വനിതകളുടെ സ്ഥിരം നിയമനത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയായിരുന്നു കമാന്‍റ്‍ര്‍ ഇ.പ്രസന്നയടക്കമുള്ള അഞ്ച് വനിതകള്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. പത്ത് വര്‍ഷം കോടതികള്‍ കയറി ഇറങ്ങി, ഒടുവിലാണ് നീതി കിട്ടിയത്. കേസില്‍ 2020 മാര്‍ച്ചില്‍ നാവികസേനയില്‍ വനിതകള്‍ക്ക് സ്ഥിരം നിയമനത്തിന് സംവിധാനമേര്‍പ്പെടുത്തണമെന്നും പെന്‍ഷന്‍ നല്‍കണമെന്നും സുപ്രീകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചു. ഒമ്പത് മാസത്തിനു ശേഷം പുതുവര്‍ഷ സമ്മാനമെന്നോണം കഴിഞ്ഞ വ്യാഴാഴ്ചയാണ് നഷ്ടപരിഹാര തുക എല്ലാവരുടെയും അക്കൗണ്ടിലെത്തിയത്.

വനിതകള്‍ക്ക് സ്ഥിരം നിയമന കമ്മീഷനില്ലാത്തതിനാല്‍ 14 വര്‍ഷത്തെ ഷോര്‍ട്ട് സര്‍വീസിന് ശേഷം കമാന്റര്‍ പ്രസന്നയടക്കമുള്ള അഞ്ച് സ്ത്രീകളെ 2008ല്‍ നേവി സര്‍വീസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.
പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിച്ചു. ഇതിനെതിരെയാണ് 2010 മുതല്‍ അഞ്ച് വനിതകളും ഒരുമിച്ച് നിയമ പോരാട്ടം തുടങ്ങിയത്. എന്നാല്‍ പ്രസന്നയുടെയും സഹപ്രവര്‍ത്തകരുടെയും മുഴുന്‍ ആവശ്യങ്ങളും ഇപ്പോഴും നേവി അധികൃതര്‍ അംഗീകരിച്ചിട്ടില്ല.
2008ല്‍ നല്‍കിയ ഗ്രാറ്റുവിറ്റി തുക പലിശയടക്കം തിരിച്ചു പിടിക്കുമെന്നാണ് നേവി ഇവരെ അറിയിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് തുല്യമായി ആനുകൂല്യങ്ങള്‍ ലഭിക്കുംവരെ കോടതിയില്‍ പോരാട്ടം തുടരാനാണ് പ്രസന്നയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം. പ്രസന്ന നാവികസേനയില്‍ 1994 ല്‍ ആരംഭിച്ച സേവനം 2008ല്‍ അവസാനിക്കുമ്പോള്‍ എയര്‍ട്രാഫിക് കണ്ട്രോള്‍ വിഭാഗത്തിലെ കമാണ്ടറായിരുന്നു.
