യുവതിയോട് ആലുവ സി. ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകി; മോഫിയയുടെ മരണം; പരാതി ലഭിച്ചിരുന്നെന്ന് വനിതാ കമ്മിഷൻ

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയോട് ആലുവ സി. ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകി; മോഫിയയുടെ മരണം; പരാതി ലഭിച്ചിരുന്നെന്ന് വനിതാ കമ്മിഷൻ

ആലുവയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി .സതീദേവി. മോഫിയ പർവിൻ്റെ പരാതി ലഭിച്ചിരുന്നെന്ന് പി. സതീദേവി പറഞ്ഞു. റൂറൽ എസ്. പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.

യുവതിയോട് ആലുവ സി. ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പി. സതീദേവി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ നടപടിയെടുത്തു . ആരോപണ വിധേയനായ സി.ഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡി.വൈ.എസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.

ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സി.ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സി.ഐക്കും ഭർത്താവിൻ്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്.

0Shares