
പുണ്ടൂർ / ശാസ്താങ്കോട് : പാലം തകർന്നുവീണ് സ്ത്രീകൾക്ക് പരിക്കേറ്റു. കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പുണ്ടൂർ ശാസ്‌താംകോട് എന്ന പ്രദേശത്തെ തോടിനു കുറുകെയുള്ള കവുങ്ങിൻ പാലമാണ് തകർന്നുവീണത്.

സമീപത്തെ അബ്ദുല്ല എന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട് മരണവീട് സന്ദർശിക്കാനെത്തിയ ബന്ധുക്കളായ സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകൾക്ക് സാരമായി പരിക്കേറ്റു എന്നാണ് വിവരം. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് നാട്ടുകാർ താത്കാലികമായി ഒരു പാലം പെട്ടെന്നുതന്നെ നിർമ്മിച്ചാണ് മരണപ്പെട്ടയാളുടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തിയത്. വൈകിട്ടോടെ മൃതദേഹം പുണ്ടൂർ ജുമാ മസ്‌ജിദിൽ ഖബറടക്കി.

ശാസ്‌താംകോടു അശാസ്ത്രീയമായി നിർമ്മിച്ചിരുന്ന അണക്കെട്ട് നേരത്തെ തകർന്നിരുന്നു. അതിനുശേഷം ഇവിടെ സ്ഥിരമായി ഒരു നടപ്പാലം നിർമ്മിക്കാത്തതാണ് നാട്ടുകാർക്ക് കവുങ്ങിൻ പാലത്തിനെ ആശ്രയിക്കേണ്ടിവന്നത്. ഈ പാലം കടന്നുവേണം പ്രദേശത്തെ അംഗനവാടികൾ സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് പോകുവാൻ.
