
തൊഴിലാളി സൗഹൃദമായ തൊഴിലിടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ നടപടികളുമായി യു.എ.ഇ ഭരണകൂടം. സ്വകാര്യ മേഖലയിലെ വിവിധ തൊഴിലിടങ്ങളിൽ മാറ്റം വരുത്തുന്ന തൊഴിൽ നിയമമാണ് പുറത്തിറങ്ങിയത്. യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയെദ് അൽ-നഹയൻ ആണ് പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചത്.
കൊവിഡ് സാഹചര്യവും ശാസ്ത്രസാങ്കേതിക രംഗത്തെ മാറ്റങ്ങളും തൊഴിലിടങ്ങളിൽ വരുത്തിയ മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചതെന്ന് മന്ത്രി ഡോ. അബ്ദുൽറഹ്‌മാൻ അൽ അവർ പ്രതികരിച്ചു. കഴിവുള്ള ആളുകളെ ആകർഷിക്കുന്ന തരത്തിൽ തൊഴിലിടങ്ങളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പുതിയ അവധി പോളിസികൾ കൊണ്ടുവരികയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
2022 ഫെബ്രുവരി രണ്ടിന് നിയമം നിലവിൽ വരും. പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി, ഫ്ളെക്സിബിൾ ജോലി-എന്നിങ്ങനെ പുതിയ തരത്തിലുള്ള ജോലികൾ പരിചയപ്പെടുത്തുന്നു എന്നതാണ് നിയമപരിഷ്‌കരണത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. സെൽഫ് എംപ്ലോയ്മെന്റ്, ഫ്രീലാൻസിങ്, ജോലി പങ്കുവെയ്ക്കൽ എന്നിവയെക്കുറിച്ചും പുതിയ തൊഴിൽ നിയമത്തിൽ പറയുന്നു.

‘ഷെയേർഡ് ജോബ് മോഡൽ’ പ്രകാരം, തൊഴിൽദാതാവിൻ്റെ സമ്മതത്തോടെ ഒരു ജോലി രണ്ട് പേർക്ക് പങ്കിട്ടെടുക്കുകയും കൂലി അതുപോലെ വീതിച്ചെടുക്കുകയും ചെയ്യാം. തൊഴിൽ സംബന്ധമായ ഹർജികളോ കേസുകളോ ഫയൽ ചെയ്യുകയാണെങ്കിൽ ജുഡീഷ്യൽ ഫീസിൽ നിന്നും അവർക്ക് ഇളവ് ലഭിക്കും. ഒരു ലക്ഷം ദിർഹം വരെയുള്ള ഫീസ് ആയിരിക്കും സർക്കാർ വഹിക്കുക.
വേതനത്തോട് കൂടിയ അവധി, തൊഴിൽ സമയത്തിലെ മാറ്റം, മൂന്ന് വർഷ കരാറുകൾ, സ്വകാര്യ മേഖലയിൽ 60 ദിവസം പ്രസവാവധി, തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന വകുപ്പുകൾ, ഓവർടൈം വേതനം എന്നിവയാണ് പുതിയ നിയമത്തിലെ മറ്റ് തൊഴിലാളി സൃഹൃദ വ്യവസ്ഥകൾ.
ഒരു മണിക്കൂറെങ്കിലും ഇടവേളയെടുക്കാതെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം തൊഴിലെടുക്കുന്നത്, ഒരു ദിവസം രണ്ട് മണിക്കൂറിലധികം ഓവർടൈം പണിയെടുപ്പിക്കുന്നത്, 15 വയസിൽ താഴെയുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് എന്നിവയും നിരോധിച്ചിട്ടുണ്ട്. നിയമത്തിൽ വരുത്തിയിട്ടുള്ള എല്ലാ മാറ്റങ്ങളും യാതൊരു വിവേചനവും കൂടാതെ തൊഴിലെടുക്കുന്ന സ്ത്രീകൾക്കും ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
