
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില മേൽപ്പാലത്തിന് താഴേയുള്ള റെയിൽവേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയോടൊപ്പം സി.സി.ടി.വിയിൽ കണ്ട ഷാജി എന്നയാളെ പോലീസ് പിടികൂടി. ഇയാൾ കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതിൽ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വിവരം. ഷാജിയും സുധാ ബേബിയും കുടുംബ സുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ: ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് സുധയുടെ കുടുംബവുമായി വർഷങ്ങളായി അടുപ്പമുണ്ട്. എന്നാൽ അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നും പോലീസ് വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നാലരയോടെ വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റാണ് ട്രാക്കിനോട് ചേർന്ന് യുവതിയുടെ മൃതശരീരം ആദ്യം കാണുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചു. മൃതദേഹത്തിൽ മുഖത്ത് അടിച്ചതിൻ്റെ പാടുകളും ശരീരത്തിൽ രക്തക്കറയും കണ്ടതോടെ കൊലപാതകം എന്ന സംശയമായി. മാത്രമല്ല എറണാകുളം കോട്ടയം ട്രാക്കിൻ്റെ സർവ്വീസ് ഇല്ലാത്ത ഉപയോഗിക്കാതെ കിടക്കുന്ന പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊലപാതകത്തിനുള്ള സാധ്യത പോലീസ് ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ടെത്തിയ മൊബൈൽ ഫോണിന്‍റെ സിം വിശദാംശങ്ങൾ കോട്ടയം സ്വദേശി സുധാ ബേബി എന്ന യുവതിയിലേക്ക് പോലീസിനെ എത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാജി പിടിയിലായത്.
