
കൊച്ചി: സർക്കിൾ ഇൻസ്‌പെക്ടർ പ്രതിയായ കൂട്ടിബലാത്സംഗ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.
തൊഴില്‍ തട്ടിപ്പ് കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. ഭര്‍ത്താവിൻ്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ മേയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്നാണ് ശനിയാഴ്‌ച യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്.

പരാതിപ്പെട്ടാല്‍ ജീവന് വരെ ഭീഷണി ഉണ്ടായേക്കാമെന്നുള്ളത് കൊണ്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കാമെന്നും ഭയന്നുമാണ് പരാതി വൈകിയതെന്നും യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടില്‍ വച്ചും പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സി.ഐയെ കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പോലും വിവരമറിയിച്ചത്. പ്രതിയെ തൃക്കാക്കരയിൽ എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് സുനു. തൃശൂരില്‍ എസ്.ഐ ആയിരുന്നപ്പോള്‍ പീഡനക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. എന്‍ജിനിയറിംഗ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
