ഗർഭിണി പോലും ആയിരുന്നില്ല; ഒറ്റപ്രസവത്തിൽ യുവതി 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗർഭിണി പോലും ആയിരുന്നില്ല; ഒറ്റപ്രസവത്തിൽ യുവതി  10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തല്‍

ദക്ഷിണാഫ്രിക്കയിൽ ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന വാര്‍ത്ത വ്യാജമെന്ന് കണ്ടെത്തല്‍. 37കാരിയായ ഗോസിയാമെ തമാരാ സിതോൾ ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു വാർത്ത. ഏഴ് ആണ്‍കുട്ടികൾക്കും മൂന്ന് പെണ്‍കുട്ടികൾക്കും​ അവര്‍ ജന്മം നൽകിയെന്നായിരുന്നു റിപ്പോര്‍ട്ട്.

മൊറോക്കോയിൽ ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയ മാലിയൻ ഹാലിമ സിസെ ഗിന്നസ് റെക്കോർഡ് തിരുത്തി എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്. എന്നാല്‍ ഇവരുടെ അവകാശവാദം തെറ്റാണെന്ന് ഔദ്യോഗിക അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ താമസിക്കുന്ന ഗൗട്ടെംഗ് പ്രവിശ്യയില്‍ ഒരു ആശുപത്രിയില്‍ പോലും അത്തരത്തിലുള്ള അപൂര്‍വ്വ പ്രസവം നടന്നിട്ടില്ലെന്ന് സര്‍ക്കാർ അറിയിച്ചു.

സിതോള്‍ അടുത്തിടെ ഗര്‍ഭിണിയായിട്ട് പോലുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പ്രാദേശിക ഭരണകൂടവും വ്യക്തമാക്കി. വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനെ സ്ത്രീയെ മനോരോഗ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും നിരീക്ഷണത്തില്‍ കഴിയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിതോളിനെ കുറിച്ചുള്ള വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമവും ഇതിനകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സിതോള്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ വാര്‍ത്ത നല്‍കിയതിനും തുടര്‍ന്ന് ലോകം മുഴുവന്‍ വാര്‍ത്ത എത്തിയതിലും മാധ്യമത്തിന്‍റെ എഡിറ്റര്‍ ക്ഷമാപണം നടത്തി. അതേസമയം സിതോളിനെ കാണാനില്ലെന്നാണ് ഇവരുടെ ആൺസുഹൃത്തിന്‍റെ കുടുംബം അവകാശപ്പെടുന്നത്.

തനിക്ക് എട്ട് കുഞ്ഞുങ്ങൾ ജനിക്കും എന്ന സ്കാനിംഗ് റിപ്പോർട്ടിന്‍റെ പ്രതീക്ഷയിലായിരുന്നു സിതോൾ എന്നും, എന്നാൽ പ്രതീക്ഷ തെറ്റിച്ച്10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു എന്നുമാണ് സിതോള്‍ നേരത്തേ പറഞ്ഞിരുന്നത്. ഔദ്യോഗികമായി സ്​ഥിരീകരിച്ച ശേഷം ഇത് പുതിയ ലോക റെ​ക്കോർഡായി പ്രഖ്യാപിക്കുമെന്നാണ് ഗിന്നസ്​ ബുക്ക്​​ അധികൃതർ അറിയിച്ചത്.

0Shares