
രാഹുൽ ഗാന്ധി യു.കെയിൽ നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കണമെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആവശ്യം പൂർണമായി നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവരോട് എനിക്ക് ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹമുണ്ട്. മോദി വിവിധ രാജ്യങ്ങളിൽ പോയി ‘ഇന്ത്യയിൽ ജനിച്ചത് പാപമാണെന്ന്’ പറഞ്ഞ് ഇന്ത്യൻ ജനതയെ അപമാനിച്ചതോ? എന്ന് ഖാർഗെ ചോദിച്ചു.
ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചു വരികയാണെന്നും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുർബലമാകുകയാണെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. “ടി.വി ചാനലുകൾക്ക് സമ്മർദ്ദം ചെലുത്തുന്നു, സത്യം സംസാരിക്കുന്നവരെ ജയിലിലടയ്ക്കുന്നു, ഇതെല്ലം ജനാധിപത്യത്തിൻ്റെ അവസാനമല്ലാതെ, പിന്നെ എന്താണ്? അതിനാൽ, മാപ്പ് ചോദിക്കുന്ന പ്രശ്നമില്ല,” ഖാർഗെ പറഞ്ഞു.

അടുത്തയിടെ യു.കെ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി നടത്തിയ ‘ജനാധിപത്യം ആക്രമിക്കപ്പെടുന്നു’ എന്ന പരാമർശം പാർലമെന്റിനെ പിടിച്ചുകുലുക്കി. രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും വിദേശ ഇടപെടലിന് ശ്രമിക്കുകയും ചെയ്തതായി ബി.ജെ.പി ആരോപിച്ചു.
