
കാസർകോട്: ശാന്തിനഗർ – കരണി ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച മൂന്നു കാട്ടാനകളെ തുരത്തി. വനം വകുപ്പിൻ്റെ പ്രത്യേക ദൗത്യ സേനയുടെ നേതൃത്വത്തിൽ പത്തു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തൊട്ടടുത്ത സംരക്ഷിത വന മേഖലയിലേക്കാണ് കാട്ടാനകളെ തുരത്തിയത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ദൗത്യം ഞായർ പുലർച്ചെ 4.30 ഓടെയാണ് പൂർത്തിയായത്.
നാട്ടുകാരും പോലീസും വനം വകുപ്പ് സംഘത്തിനു പൂർണ പിന്തുണയുമായി രംഗത്തെത്തി. വനം വകുപ്പ് ആവശ്യപ്പെടുന്ന സമയങ്ങളിൽ വീടുകളിലെ വിളക്കുകൾ അണച്ചും മറ്റു നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും ആന തുരത്തലിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്ക് വെള്ളവും മറ്റു സഹായങ്ങളും എത്തിച്ചു നൽകിയും നാട്ടുകാർ കൂടെ നിന്നു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ കണ്ണൂര്‍ ഡിവിഷന് കീഴിലുള്ള പ്രത്യേക സംഘം വ്യാഴാഴ്ച ഉച്ചയോടെ എത്തിയിരുന്നു. വനം വകുപ്പിൻ്റെ കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലാണ് ദൗത്യസേനയുടെ പ്രവര്‍ത്തനം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍.വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.ജിതിന്‍, എന്‍എംആര്‍ ജീവനക്കാരായ അനൂപ്, മെല്‍ജോ, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ഇവര്‍ക്ക് പുറമെ കാസര്‍കോട് ഫ്‌ളൈയിങ് സ്‌ക്വാഡ്, ഡിവിഷന്‍ ജീവനക്കാര്‍, കണ്ണൂര്‍, കാസര്‍കോട് ആര്‍.ആര്‍. ടി. ജീവനക്കാര്‍ എന്നിവർ ഉള്‍പ്പെടുന്ന വിപുലമായ ദൗത്യസേനയാണ് ആന തുരത്തലിന് നേതൃത്വം നൽകിയത്. ഡി.എഫ്.ഒ പി.ബിജു, കാസർകോട് ഫോറസ്റ്റ് റേഞ്ചർ ടി.ജി.സോളമൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കണ്ണൂർ ഡിവിഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, വയനാട് ജീവനക്കാർ എന്നിവർ വരും ദിവസങ്ങളിൽ ദൗത്യത്തിൽ പങ്കുചേരും. പുലിപ്പറമ്പ് ഭാഗത്ത് സോളാർ തൂക്കു വേലിയുടെ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തുന്നതിനിടയിൽ പരിക്കേറ്റ ഇരിയണ്ണിയിലെ സനലിന് വനം വകുപ്പിൻ്റെ 75000 രൂപ ധനസഹായം ഡി.എഫ്.ഒ കൈമാറി.
