
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. പന്ത്രണ്ട് ജില്ലകളില്‍ വെള്ളിയാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചു. ഷട്ടര്‍ മൂന്നടിവരെ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നുണ്ട്. കുറ്റിയാടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് മംഗലം ഡാം തുറന്നു.
ഇടുക്കി ജില്ലയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. ഇനിമുതൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ നിയന്ത്രണം ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത്, അവശ്യ സർവീസുകളിലെ ജീവനക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മലയോര മേഖലകളിലേക്ക് രാത്രി സമയം യാത്ര ചെയ്യാൻ സാധിക്കും.

ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. ഇത് കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. ഓൾഡ് മൂന്നാർ- ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽമൂലം ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മത്സ്യബന്ധനം, ബോട്ടിങ് എന്നിവയും താൽക്കാലികമായി നിരോധിച്ചു. അടിമാലിയിൽ നിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി- ഇരുട്ടുകാനം- ആനച്ചാൽ- കുഞ്ചിത്തണ്ണി- രാജാക്കാട്- പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ- രാജാക്കാട്- കുഞ്ചിത്തണ്ണി- ആനച്ചാൽ വഴിയും തിരിച്ചുവിടും.
