ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം പാടെ അവഗണിച്ചു; കാസർകോട് ബിഗ് ബസാറിന് എതിരെ വ്യാപക പ്രതിഷേധം; പരാതി നൽകുമെന്ന് വ്യാപാരി സംഘടനകൾ

You are currently viewing ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം പാടെ അവഗണിച്ചു; കാസർകോട് ബിഗ് ബസാറിന് എതിരെ വ്യാപക പ്രതിഷേധം; പരാതി നൽകുമെന്ന് വ്യാപാരി സംഘടനകൾ

കാസർകോട്: പുതിയ ബസ്റ്റാന്റ് ദേശിയ പാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ബിഗ് ബസാറിന് എതിരെ വ്യാപക പ്രതിഷേധം. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം പാടെ അവഗണിച്ച് വ്യാപാരം നടത്തുന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വ്യാപാരി നേതാക്കൾ പുറത്ത് വിട്ടു. ജില്ലാ ഭരണകൂടം പറയുന്നത് പോലെ വസ്ത്ര വ്യാപാരികൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഉപാധികളോട് തുറക്കാനും കച്ചവടം നടത്താനും അനുമതിയുള്ളത്.

എന്നാൽ ബിഗ് ബസാറിന് ഇത് ബാധകമല്ലേ എന്നാണ് വ്യാപാരി നേതാക്കൾ ചോദിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ഒരു നിലയുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കുന്നതടക്കമുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, സംസ്ഥാന വ്യാപകമായി ഒരു നിലയുള്ള ടെക്സ്റ്റയില്‍സിന് മാത്രമാണ് ലോക്ഡൗണ്‍ ഇളവ് നല്‍കിയത്. ബഹുനില ടെക്സ്റ്റയിലോ മാളോ തുറക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. അവശ്യ സാധങ്ങൾ വിൽപന നടത്തുന്നു എന്ന പേരിലാണ് ബിഗ് ബസാർ തുറന്ന് പ്രവർത്തിക്കുന്നത്. എന്നാൽ അവിടെ ഉപ്പ് മുതൽ കർപ്പൂരം വരെയും അതിന് പുറമെ വസ്ത്രങ്ങളും ഫുട് വെയർ ഉത്പന്നങ്ങളും സുലഭമായി വാങ്ങാൻ പറ്റുന്നു.

കൂടാതെ ഗാർഹിക ഉപകരണങ്ങളും ഇവിടെനിന്നും വില്പന നടത്തുന്നുണ്ടോ എന്നതും പരിശോധിക്കണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ചിലർക്ക് വിട്ടു വീഴ്ച്ച നൽകുന്നത് അംഗീകരിക്കാൻ ആകില്ല എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും കാസർകോട് ജില്ലാ പ്രസിഡന്റുമായ കെ അഹ്മദ് ശരീഫ് പറഞ്ഞു.

ശനിയാഴച്ച ബിഗ് ബസാറിൽ നിന്നും വസ്ത്രം വാങ്ങിയ ബില്ല് തെളിവായി വ്യാപാരികൾ പുറത്ത് വിടുകയും ചെയ്തു. ഡ്രസ്സ് വാങ്ങാൻ പോകുന്ന ആളുകൾ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയാണ്‌. ബിഗ് ബസാറിന് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് കെ. അഹ്മദ് ശരീഫ് ചാനൽ ആർ.ബിയോട് പ്രതികരിച്ചു.

0Shares