
പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസിലെ പ്രതിയാണ്. സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു, എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ശ്രീറാമിനെ തിരിച്ചെടുത്തത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അല്ലാതെ ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ചില ആളുകള്‍ തീരുമാനിക്കുന്നതേ നടക്കൂ എന്ന രീതിയിലാണ് കാര്യങ്ങള്‍. മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും, അതില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും, ഇതിനെ നവോത്ഥാന സര്‍ക്കാര്‍ എന്നല്ല നട്ടെല്ലില്ലാ സര്‍ക്കാര്‍ എന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
