
ആന്ധ്രയിൽ നിന്ന് കേരളത്തിലെ കാസർകോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് മൊത്തവിതരണം നടത്തുന്ന സംഘത്തിലെ കാസർകോട്ടെ ആലംപാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടി റോഡിലെ മുഹമ്മദ് കബീർ എൻ.എം എന്ന ആലംപാടി കബീറിനെ (38)യാണ് കഴിഞ്ഞ ദിവസം കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആന്ധ്രയിലെ വിശാഖപട്ടണത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

ജില്ലയിൽ 45 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന കബീറിനെ കുറിച്ച് സൂചന ലഭിച്ചത്. അന്വേഷണത്തിൽ ഇയാൾ ആന്ധ്രയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ആന്ധ്രാ പൊലീസുമായി ബന്ധപ്പെടുകയും അവിടത്തെ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂരിൽ നിന്നും 3.6 കിലോ കഞ്ചാവ് കൂടി പിടികൂടി. ഡിവൈ.എസ്.പിക്ക് പുറമെ ഇൻസ്‌പെക്ടർ വി.വി മനോജ്, എസ്.ഐ സി.കെ ബാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുല എസ്, ഷജീഷ്, ഡ്രൈവർ രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
