സമസ്തക്ക് ഹിന്ദുക്കളുടെ വക്കാലത്ത് ആരുകൊടുത്തു; ജെൻഡർ ന്യൂട്രൽ വിഷയത്തിൽ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സമസ്തക്ക് ഹിന്ദുക്കളുടെ വക്കാലത്ത് ആരുകൊടുത്തു; ജെൻഡർ ന്യൂട്രൽ വിഷയത്തിൽ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം: ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ സമസ്തയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നിലപാട് സമസ്ത തള്ളിയതിന് പിന്നാലെയാണ് സുരേന്ദ്രൻ കടുത്ത വിമർശനവുമായി രംഗത്തു വന്നത്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളത് എന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങൾക്കും സർക്കാറിൻ്റെ യൂണിഫോം നിലപാടിൽ എതിർപ്പുണ്ടെന്നാണ് സമസ്തയുടെ നേതാവ് നാസർ ഫൈസി പറഞ്ഞത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കെ.സുരേന്ദ്രൻ രംഗത്ത് വന്നത്. ഹിന്ദുക്കളുടെ വാക്കാലത്ത് സമസ്തയെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ എന്ന മറു ചോദ്യമാണ് കെ.സുരേന്ദ്രൻ ഉന്നയിക്കുന്നത്.

പിണറായി വിജയൻ്റെ നവോത്ഥാനം വൺ സൈഡ് ആണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം തീവ്രവാദികളുടെ എതിർപ്പ് വന്നപ്പോൾ യൂണിഫോമിൽ നിന്ന് സർക്കാർ പിൻവാങ്ങി എന്നത് ഇതിൻ്റെ പ്രധാനപ്പെട്ട തെളിവാണ് എന്നും കെ.സുരേന്ദ്രൻ പറയുന്നു. ശബരിമല വിഷയത്തിൽ ഒരു നിലപാടും മുസ്ലിം സംഘടനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരു നിലപാടുമാണ് സർക്കാരിന് ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുസ്ലിം മത മൗലികവാദികൾ എന്തുപറഞ്ഞാലും സി.പി.എം അനുസരിക്കും.

കോഴിക്കോട് ബീന ഫിലിപ്പിന് പിന്തുണ നൽകാനും കെ.സുരേന്ദ്രൻ തയ്യാറായി. ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പോയി പ്രസംഗിച്ച കോഴിക്കോട് മേയർ എന്ത് തെറ്റാണ് ചെയ്തത് എന്ന് സുരേന്ദ്രൻ ചോദിച്ചു.

പോപ്പുലർ ഫ്രണ്ടിൻ്റെ അടക്കം പരിപാടികളിൽ സി.പി.എം നേതാക്കൾ പങ്കെടുത്താൽ നടപടിയില്ല. ഇരട്ട നീതിയാണ് ഇക്കാര്യത്തിൽ ഉണ്ടാകുന്നത്. ശബരിമലയിൽ പോയാൽ നടപടി, ഹജ്ജിനു പോയാൽ നടപടി എന്നതാണ് സി.പി.എം നിലപാട്.

ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളെ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ആണ് ബി.ജെ.പി ശ്രമം എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇതാണ് ചെയ്യുന്നത്. ചരിത്ര രചനയിലും കരിക്കുലത്തിലും പലർക്കും അവഗണന ഉണ്ടായി. ഇത് മറികടക്കാൻ ഉള്ള ശ്രമം ആണ് ബി.ജെ.പി നടത്തുന്നത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നതിൽ മതമൗലിക വാദികളുടെ എതിർപ്പ് ഉണ്ടായി. മുസ്ലിം ലീഗ് ഉൾപ്പെടെ നീചമായ നിലപാട് സ്വീകരിച്ചു. ഇടതുപക്ഷം ഉൾപ്പെടെ ഇതേ നിലപാട് സ്വീകരിച്ചു.

0Shares