
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെൻ്റെറിന് നേരെ അതിക്രമം ഉണ്ടാകുന്നത് ഇത് മൂന്നാംതവണ. ഒരിക്കല്‍ കോണ്‍ഗ്രസ് നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കില്‍ പിന്നീട് കോണ്‍ഗ്രസ് ആശീര്‍വാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായെന്ന് സി.പി.എം ആരോപിക്കുന്നു. ഇത്തവണത്തെ ആക്രമവും കോണ്‍ഗ്രസാണ് നടത്തിയതെന്ന് സി.പി.എം. ആദ്യ രണ്ട് അക്രമങ്ങള്‍ നടക്കുമ്പോഴും കെ.കരുണാകരനായിരുന്നു കേരളത്തിൻ്റെ മുഖ്യമന്ത്രി. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും. മതിയായ സുരക്ഷ എ.കെ.ജി സെൻ്റെറിനുണ്ടായിരുന്നു. എന്നിട്ടും അക്രമി ഒറ്റയ്‌ക്കെത്തി ബോംബെറിഞ്ഞു.

1983 ഒക്ടോബറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.കെ.ജി സെൻ്റെര്‍ ആക്രമിച്ചത്. പാളയത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത് എന്നായിരുന്നു ആരോപണം. അന്ന് കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നത്. കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്ന് കോണ്‍ഗ്രസ് രണ്ടു വിഭാഗമായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസില്‍ കരുണാകരനും മറ്റേ ഗ്രൂപ്പിനെ നയിച്ചത് ആൻ്റെണിയും.
1983 ഒക്ടോബര്‍ 31 നായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കോണ്‍ഗ്രസ് (ഇന്ദിര)-കെ.എസ്.യു പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കവെ പകല്‍ 12നാണ് കോണ്‍ഗ്രസ് അക്രമികള്‍ ബോംബെറിഞ്ഞത്. ഒന്നല്ല, നിരവധി തവണ. എട്ടെണ്ണം എ.കെ.ജി സെൻ്റെറിൻ്റെ മതിലില്‍ തട്ടി പൊട്ടിത്തെറിച്ചു. നാലെണ്ണം പൊട്ടാതെ പൊലീസ് കണ്ടെടുത്തു. ബോംബ് കൊണ്ടുവന്ന ഭരണി റോഡരികിലെ പോസ്റ്റിന് സമീപത്ത് നിന്ന് കണ്ടെടുത്തു.
മുതിര്‍ന്ന നേതാക്കളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു ആക്രമണമെന്ന് സി.പി.എം അന്ന് ആരോപിച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് മുദ്രാവാക്യം വിളിക്കാതെ പ്രകടനമായി എത്തിയ അക്രമികള്‍ സ്പെന്‍സര്‍ ജങ്ഷനിലേക്ക് കടന്നയുടന്‍ തിരിഞ്ഞു വന്നാണ് തുരുതുരാ ബോംബെറിഞ്ഞതെന്നായിരുന്നു ആക്ഷേപം. ബോംബെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ട അക്രമികള്‍ അഭയം തേടിയതും കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ചെന്നിത്തലയുടെയും ബെന്നിബഹനാൻ്റെയും മുറിയിലായിരുന്നു. അക്രമികള്‍ക്ക് പിന്നാലെ ഓടിയ എ.കെ.ജി സെൻ്റെര്‍ ഓഫീസ് ജീവനക്കാര്‍ക്ക് എം.എല്‍.എ ഹോസ്റ്റലിലെ റിസപ്ഷനില്‍ വച്ച് രണ്ടുപേരെ പിടികൂടാനായി. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് മുറിയില്‍ കയറി വാതിലടച്ച പ്രതികള്‍ പിടിയിലായി.

അന്നത്തെ കെ.എസ്.യു (ഇ) ജില്ലാ സെക്രട്ടറി രവികുമാര്‍, വൈസ്. പ്രസിഡണ്ട് വേലപ്പന്‍ നായര്‍, തിരുവനന്തപുരം സിറ്റി ജനറല്‍ സെക്രട്ടറി ഉദയകുമാര്‍, എം.ജി കോളേജിലെ ബഷീര്‍, പ്രിയന്‍, ഉണ്ണിക്കൃഷ്ണന്‍, മണികണ്ഠന്‍ എന്നിവരെ ബെന്നിബഹനാൻ്റെ മുറിയില്‍.നിന്നും മോഹനന്‍, ഷാജി, സേതുബാലന്‍ എന്നിവരെ രമേശ് ചെന്നിത്തലയുടെ മുറിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്.
1991ല്‍ എ.കെ.ജി സെൻ്റെറിന് മുന്നില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു എന്നാണ് സി.പി.എം പറയുന്നത്. പാര്‍ട്ടി നേതാക്കളെല്ലാം സെൻ്റെറിനുള്ളിലുള്ളപ്പോള്‍ പൊലീസ് എ.കെ.ജി സെൻ്റെറിന് നേരെ വെടിയുതിര്‍ത്തു. അക്രമത്തെ തള്ളിപ്പറയാന്‍ പോലും അന്ന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ആക്രമണം നടന്നിരിക്കുന്നതെന്ന് സി.പി.എം പറയുന്നു. പ്രകടനമായെത്തിവര്‍ക്ക് പകരം ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണം എന്നും ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് നാടെങ്ങും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ്.
