
1992 ഡിസംബർ ആറു പോലെ തന്നെ ലോകചരിത്രത്തിന്‍റെ തന്നെ ഭാഗമാവുകയാണ് 2020 സെപ്തംബർ 30 ഉം. ബാബറി മസ്ജിദ് തകർത്ത കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തപ്പെട്ട മുതിർന്ന ബി. ജെ. പി നേതാക്കളുൾപ്പെടെ 32 പ്രതികളെയും ലഖ്നൗ സി. ബി. ഐ കോടതി വെറുതെ വിട്ടു.
ബാബറി മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയ ബി. ജെ. പി നേതാക്കളായ എൽ. കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ്, ഉൾപ്പെടെ 32 പ്രതികളും കുറ്റവിമുക്തരായതായി ലഖ്നൗ കോടതി ജഡ്ജി എസ്. കെ യാദവ് വിധിച്ചു. ഇവർ ഗൂഡാലോചന നടത്തിയതിന് ശക്തമായ തെളിവില്ല എന്നതാണ് കോടതി കണ്ടെത്തിയത്.
കൂടാതെ പള്ളി പൊളിക്കൽ ആസൂത്രിതമല്ലെന്നും ആകസ്മികമാണെന്നും 2000 പേജുള്ള വിധിന്യായത്തിൽ പറയുന്നു. ബാബറി പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി. പള്ളി പൊളിച്ചതിന് തെളിവായി നൽകിയ ദൃശ്യങ്ങളും കോടതി തള്ളി. ദൃശ്യങ്ങൾ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബാബറി മസ്ജിദ് പൊളിച്ചതിന് 1992 ഡിസംബർ ആറിന് അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്.
കേസ് വാദം തുടങ്ങുന്ന ഘട്ടത്തിൽത്തന്നെ അവസാന അധ്യായവും പ്രവചിക്കാൻ കഴിയുന്ന രീതിയിൽ തന്നെയായിരുന്നു ഇന്ത്യൻ ജുഡീഷ്യറിയുടെ നടപടി ക്രമങ്ങളും. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുതുടർന്നാണ് വിധിയുടെ തീയതി നേരത്തെയാക്കിയതും. പക്ഷെ ഭരണകൂടത്തിന് ക്ലൈമാക്സോ ആൻറി ക്ലൈമാക്‌സോ ഒന്നും അനുഭവപ്പെടാതിരിക്കാൻ ജഡ്ജ്മെൻ്റ് അങ്ങേയറ്റം ജാഗ്രത പുലർത്തി എന്നുവേണം അനുമാനിക്കാൻ.
