
നിങ്ങള്‍ വിസ്മയക്ക് എന്തുകൊടുക്കും? എന്ന ചോദ്യവുമായാണ് കിരണിന്റെ പിതാവ് സദാശിവന് പിള്ള വിവാഹചര്ച്ചക്ക് വിസ്മയയുടെ പിതാവിന്റെ മുന്നിലെത്തിയത്. 100 പവനും ഒരേക്കര്‍ 25 സെന്റ് പുരയിടവും ഒരു കാറും എന്ന മറുപടിയില്‍ ആ വിവാഹം ഉറപ്പിച്ചു. എന്നാല്‍, തന്നത് കുറഞ്ഞുപോയെന്ന് പറഞ്ഞ് വിവാഹ തലേന്ന് മുതല്‍ മാനസിക പീഡനം ഏറ്റുവാങ്ങാനായിരുന്നു വിസ്മയയുടെ വിധി.
വലിയ സ്ത്രീധനമെന്ന ലക്ഷ്യം മാത്രമായിരുന്നു കിരണ്‍ കുമാറിനുണ്ടായിരുന്നത് എന്ന കുറ്റപത്രത്തിലെ പൊലീസ് കണ്ടെത്തല്‍ ശരിയെന്ന് അടിവരയിടുന്നതാണ് 10 വര്‍ഷം തടവും 12.5 ലക്ഷം പിഴയും വിധിച്ചുള്ള കോടതി വിധി.

കാറിന്റെ പേരിലും അധിക്ഷേപം തുടര്‍ന്ന കിരണ്‍ വിവാഹശേഷം ശാരീരിക പീഡനത്തിലേക്കും കടന്നു. വിസ്മയയുടെ പിതാവിനും സഹോദരനും നേരെവരെ അധിക്ഷേപവും ആക്രമണവും നടത്തി. അടിച്ചു വീഴ്ത്തി മുഖത്ത് ചവിട്ടുകയും ചെയ്തു. പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് വിസ്മയ പറഞ്ഞിട്ടുപോലും പീഡനം തുടര്‍ന്നു. ആത്മഹത്യ ചെയ്ത ദിവസവും സ്ത്രീധനത്തെ ചൊല്ലി പീഡനമേറ്റെന്നും അന്വേഷകസംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് ബലം നല്കുന്ന തെളിവുകള്‍കൂടി ഹാജരാക്കാന്‍ കഴിഞ്ഞതോടെ കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനും സാധിച്ചു.

ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ സഹോദരിയുമായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ ലഭിക്കുന്ന ലക്ഷങ്ങളും വിലയേറിയ കാറും ഭീമമായ സ്വര്‍ണാഭരണങ്ങളുമായിരുന്നു തന്റെ ഉന്നമെന്ന് ഒരുവര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഉടനീളം കിരണ്‍ തെളിയിച്ചപ്പോള്‍ പൊലിഞ്ഞത് ഒരു ജീവനും തകര്‍ന്നത് രണ്ട് കുടുംബവുമാണ്.
