ജനകീയ ഹോട്ടലിലെ കച്ചവടം പൊളിക്കാൻ കിണർ മലിനമാക്കി; സമീപത്തെ ഹോട്ടലുടമ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ജനകീയ ഹോട്ടലിലെ കച്ചവടം പൊളിക്കാൻ കിണർ മലിനമാക്കി; സമീപത്തെ ഹോട്ടലുടമ പിടിയിൽ

വെണ്ണിയോട് / വയനാട്: ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞു. പ്രതികാരമായി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോഗശൂന്യമാക്കി ഹോട്ടലുടമ. വയനാട് വെണ്ണിയോടാണ് സംഭവം. ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പ് കലക്കിയ പ്രതിയെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ജനകീയ ഹോട്ടലിനോട് ചേര്‍ന്ന് ഹോട്ടല്‍ നടത്തിയിരുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് ബാണപ്രവന്‍ മമ്മൂട്ടി എന്ന അന്‍പത്തിയെട്ടുകാരനാണ് പിടിയിലായത്. ഇന്നലെ രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുത്തപ്പോൾ മുതലാണ് കുടിവെള്ളം പതയുന്നതായും സോപ്പുപൊടിയുടെ രൂക്ഷമായ മണം അനുഭവപ്പെടുകയും ചെയ്തത്. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് അന്വേഷണത്തിലാണ് കിണറില്‍ സോപ്പുപൊടി കലക്കി ഒഴിച്ചയാളെ കണ്ടെത്തിയത്. സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പഞ്ചായത്ത് ജീവനക്കാര്‍ക്കുമെല്ലാം സ്ഥിരമായി ഭക്ഷണം നല്‍കി വരുന്നത് ജനകീയ ഹോട്ടലായിരുന്നു. വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ കീടനാശിനിയോ മറ്റ് വിഷവസ്തുക്കളോ കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. 1095 ഓളം ഹോട്ടലുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് വിശപ്പുരഹിത കേരളം ലക്ഷ്യമിട്ടുള്ള ജനകീയ
ഹോട്ടലുകളുടെ നടത്തിപ്പ്. നിലവില്‍ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

0Shares