
ഇനി വയനാട്ടിലേക്ക് ചുരം കയറേണ്ട. പകരം 7.82 കിലോമീറ്റര്‍ നീളത്തില്‍ തുരങ്ക പാത എത്തുന്നു. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് . ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്കരമാകാറുണ്ട്.
പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബദല്‍പാത ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബദല്‍പാത മാത്രമാണ് ഇതിനെല്ലാം പരിഹാരം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്‍റെ നീളം 6.9 കിലോമീറ്റര്‍ വരും. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്.
കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
