
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്. അദ്ദേഹത്തെ ആശുപത്രി മാറ്റേണ്ടെന്നാണ് തീരുമാനം.

റിമാന്‍ഡ് കാലാവധി മുഴുവന്‍ ഇബ്രാഹിം കുഞ്ഞ് ലേക് ഷോര്‍ ആശുപത്രിയില്‍ത്തന്നെ തുടരും. ഇബ്രാഹിംകുഞ്ഞിനെ കാണാന്‍ വിജിലന്‍സ് ജഡ്ജി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ നേരിട്ടെത്തിയിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയില്‍ പോയി കാണാന്‍ ജഡ്ജി തീരുമാനിച്ചത്.
ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പിന്നീട് പരിഗണിക്കും. പ്രതിക്ക് വേണ്ടി കോടതിയില്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇതില്‍ കോടതി തീരുമാനമെടുക്കുക.
