
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് സർക്കാർ. തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണം അല്ലെന്നും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം വേഗത്തിലാക്കി എന്നും സർക്കാർ നിയമസഭയിൽ അറിയിച്ചു. അദാനിയുടെ വാദമാണ് സർക്കാർ ഉയർത്തുന്നതെന്ന് പറഞ്ഞ പ്രതിപക്ഷം. തീര ശോഷണം സംബന്ധിച്ച് സമഗ്ര പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടു.
തുറമുഖ നിർമ്മാണം നിർത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം സർക്കാർ തള്ളി. തുറമുഖം തീരശോഷണത്തിന് ഇടയാക്കുന്നു എന്ന വാദവും സർക്കാർ അംഗീകരിക്കുന്നില്ല. പദ്ധതി നിർത്തിവച്ചാൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് തുറമുഖ മന്ത്രി.

വിഴിഞ്ഞത്ത് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാത്തത് സംബന്ധിച്ചാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ക്യാമ്പുകളിൽ കഴിയുന്നവരെ അടക്കം ഉടൻ പുനരുധിവസിപ്പിക്കും എന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ ഉറപ്പ് നൽകി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തിൻ്റെ തെക്കൻ മേഖലയിലെ തീര ശോഷണം സംബന്ധിച്ച് സമഗ്ര പഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
അതേസമയം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം എട്ടാം ദിവസവും ശക്തമായി തുടരുന്നു. സമരക്കാർ ബാരിക്കേഡ് മറികടന്നു പദ്ധതി പ്രദേശത്തേക്ക് എത്തി. അതിനിടെ വിഴിഞ്ഞത്ത് സമരം നടത്തുന്നവരെല്ലാം പ്രാദേശവാസികൾ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി.

സമരത്തിന് നേതൃത്വം കൊടുക്കുന്ന ലത്തീൻ അതിരൂപതയെ സർക്കാർ അപമാനിച്ചു എന്ന് ആരോപിച്ച പ്രതിപക്ഷം രംഗത്തുവന്നു. നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭ എന്ന് ലത്തീൻ സഭയും തിരിച്ചടിച്ചു. വിഴിഞ്ഞം സമരം സംബന്ധിച്ച മറുപടിക്കിടയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷ എം.എൽ.എമാർ ശ്രമിച്ചത് നേരിയ ബഹളത്തിന് ഇടവച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ച് മന്ത്രി ആൻറണി രാജുവും രംഗത്തുവന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രതിപക്ഷ നേതാവ് മുതലക്കണ്ണീർ ഒഴുകുന്നു എന്നാണ് ആരോപണം.
