
കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണില്‍നിന്നും അച്ചടി മാധ്യമങ്ങളെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എന്‍.കൃപാകരന്‍, ആര്‍.ഹേമലത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് നടപടി. ജനാധിപത്യ സംവിധാനത്തില്‍ ദിനപ്പത്രം പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നാണ് ബെഞ്ചിന്‍റെ നിരീക്ഷണം. പത്രങ്ങളുടെ പ്രസിദ്ധീകരണം നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ ആയ ശ്രമങ്ങളെല്ലാം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി പറഞ്ഞു.

പത്രങ്ങളില്ലാതെ സര്‍ക്കാര്‍ വേണോ അതോ സര്‍ക്കാരില്ലാതെ പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാനുള്ള അവസരം ലഭിച്ചാല്‍ ഞാന്‍ ഉറപ്പായും രണ്ടാമത്തേതിന് മുന്‍ഗണന നല്‍കും എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജഫേഴ്‌സന്‍റെ വാക്കുകള്‍ ഉദാഹരിച്ചായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. ഹര്‍ജിയില്‍ ഉന്നയിക്കുന്ന തരത്തിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനം നല്‍കുന്ന പരീക്ഷണങ്ങളോ പഠനങ്ങളോ ഇതുവരെ നടന്നിട്ടില്ല. പത്രം, കറന്‍സി എന്നിവയിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും അഭിഭാഷകന്‍ അരവിന്ദ് പാണ്ഡ്യന്‍ കോടതിയെ അറിയിച്ചു.
വൈറോളജി ഗവേഷകര്‍ പോലും പേപ്പര്‍ ഉല്‍പ്പന്നങ്ങളിലൂടെ വൈറസ് പകരുന്നതിനുള്ള സാധ്യത കുറവാണെന്നാണ് പറയുന്നത്. പത്രങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നു എന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് മതിയായ വിവരങ്ങളുടെ അഭാവത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
‘മാധ്യമങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. അല്ലാതെ പത്രാധിപന്‍റെ കാഴ്ചപ്പാടുകളല്ല. വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്. അവരുടെ പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും, വാര്‍ത്തകള്‍ മാത്രമേ ആളുകള്‍ക്ക് ആവശ്യമുള്ളൂ. കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രവും ഇടകലരുന്നത് ഒഴിവാക്കണം. എന്നിരുന്നാലും, ചില പ്രസാധകര്‍ അവരുടെ അഭിപ്രായങ്ങളെ വാര്‍ത്തകളോടൊപ്പം ചേര്‍ക്കുന്നുവെന്നത് ഒരു വസ്തുതയാണ്’, കോടതി നിരീക്ഷിച്ചു.
